ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് നാളെ ആരംഭിക്കും

ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് നാളെ ആരംഭിക്കും. ഇതിനോടകം പരമ്പര ഇന്ത്യ നേടിക്കഴിഞ്ഞു. എങ്കിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളിലെ മുന്നേറ്റമാണ് ഇന്ത്യയ്ക്ക് ഇനി ലക്ഷ്യം. മുന്‍ മത്സരങ്ങള്‍ക്ക് സമാനമായി സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചാണ് ധരംശാലയിലും ഒരുക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റം ഉറപ്പാണ്. ജസ്പ്രീത് ബുംറ തിരികെയെത്തുമ്പോള്‍ സിറാജിനോ ആകാശ് ദീപിനോ പുറത്തിരിക്കേണ്ടി വരും. ബാറ്റിംഗില്‍ രജത് പാട്ടിദാറിന് പകരം ദേവ്ദത്ത് പടിക്കല്‍ എത്തുമോയെന്നാണ് ആകാംഷ. 100-ാം ടെസ്റ്റിന് തയ്യാറെടുക്കുന്ന രവിചന്ദ്രന്‍ അശ്വിന്റെ പ്രകടനത്തിനും ആരാധകര്‍ കാത്തിരിക്കുകയാണ്.

മത്സരത്തിന് വില്ലനായി മഴയെത്തിയേക്കാം എന്നതാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് ആശങ്ക. കടുത്ത മഞ്ഞുവീഴ്ചയുള്ള ധരംശാലയില്‍ താപനില ഒരു ഡിഗ്രിയില്‍ താഴെയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമുകളുടെ പരിശീലനത്തെയും ഇടവിട്ടുപെയ്ത മഴ ബാധിച്ചിട്ടുണ്ട്.

Top