ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്, ന്യൂസിലന്‍ഡ് ആസ്‌ത്രേലിയയെ നേരിടും

ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്. ദുബൈയില്‍ രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ആസ്‌ത്രേലിയയെ നേരിടും. ഇന്ന് ദുബൈയില്‍ നടക്കുന്ന ഫൈനലോടെ ടി20യ്ക്ക് പുതിയൊരു ലോക ചാമ്പ്യനെ കിട്ടും. അഞ്ച് തവണ ഏകദിന ലോകചാമ്പ്യന്‍മാരായ ആസ്‌ത്രേലിയക്ക് ടി20യിലെ ലോകചാമ്പ്യന്‍പട്ടം ഇതുവരെ ലഭിച്ചിട്ടില്ല. 2010 ല്‍ ഫൈനലിസ്റ്റുകളായെങ്കിലും ഇംഗ്ലണ്ടിനോട് തോറ്റു.

ന്യൂസിലന്‍ഡിനും ഇതുവരെ ലോകകീരിടം ലഭിച്ചിട്ടില്ല. ഏകദിന ലോകകപ്പില്‍ 2015 ലും 2019 ലും ഫൈനലിലെത്തിയെങ്കിലും തോല്‍വിയായിരുന്നു ഫലം. ഈ തവണ വിജയിക്കാനായാല്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ ലോക കിരീടമാകുമിത്. കണക്കിലും കളത്തിലും ന്യൂസിലന്‍ഡിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ആസ്‌ത്രേലിയ. ആസ്‌ത്രേലിയന്‍ നിരയില്‍ സൂപ്പര്‍ താരങ്ങളാണ് അണിനിരക്കുന്നതെങ്കില്‍ ന്യൂസിലന്‍ഡ് നിരയില്‍ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ഒഴികെയുള്ളവര്‍ താരപ്രഭയുള്ളവരല്ല. ഗള്‍ഫില്‍ ടി20 ലോകകപ്പ് അരങ്ങേറുമ്പോള്‍ സാധ്യത കല്‍പിക്കാതിരുന്ന ടീമുകളാണ് ഇരുവരും.

എന്നാല്‍, നിര്‍ണായക മത്സരങ്ങളില്‍ പൊരുതിക്കയറി കിരീട സാധ്യത കല്‍പിക്കപ്പെട്ട ടീമുകളെ സെമി ഫൈനലില്‍ മലര്‍ത്തിയടിച്ചാണ് ഇരുവരും ഫൈനലില്‍ എത്തിയത്. സമീപകാല പ്രകടനങ്ങള്‍ ന്യൂസിലന്‍ഡിന് ആത്മവിശ്വാസം നല്‍കും. 2019 ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ച ന്യൂസിലന്‍ഡ് പിന്നീട് ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായി. ടെസ്റ്റിലും ഏകദിനത്തിലും നിലവിലെ ഒന്നാം റാങ്കും ടി20യില്‍ നാലാം റാങ്കും ന്യൂസിലന്‍ഡിനാണ്. ക്രിക്കറ്റിലെ സമഗ്രാധിപത്യത്തിന്റെ പ്രതീകമായിരുന്ന ആസ്‌ത്രേലിയ സമീപകാലത്ത് പെരുമയ്‌ക്കൊത്ത പ്രകടനമല്ല നടത്തിയിരുന്നത്. എന്നാല്‍ സെമി ഫൈനലില്‍ പാകിസ്താനെതിരായ മത്സരം പഴയ ആസ്‌ത്രേലിയയുടെ വിശ്വരൂപം കാട്ടിത്തന്നു. വലിയ മത്സരങ്ങള്‍ കളിച്ചുള്ള പരിചയം ആസ്‌ത്രേലിയക്ക് ഗുണമാകും.

Top