ആ സിനിമ വിജയമായിരുന്നു, കള്ളക്കണക്കുകള്‍ പെരുപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല ; രാജമൗലി

ഗധീരയുടെ നിര്‍മ്മാതാവ് അല്ലു അരവിന്ദനെതിരെ പരസ്യ ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് സംവിധായകന്‍ എസ്.എസ്.രാജമൗലി.

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ റക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ബാഹുബലിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതെങ്കിലും താന്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രത്തിന്റെ നിര്‍മ്മാതാവിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ് രാജമൗലി.

മഗധീരയെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയം പെരുപ്പിച്ചു കാണിച്ചതില്‍ തനിക്ക് കടുത്ത നീരസമുണ്ടായിരുന്നു എന്നാണ് രാജമൗലിയുടെ തുറന്നുപറച്ചില്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

രാം ചരണ്‍ നായകനായ മഗധീരയുടെ വിജയത്തില്‍ സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് അര്‍ഹമായ ബഹുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍, ബോക്‌സ് ഓഫീസിലെ കള്ളക്കണക്കുകളില്‍ എനിക്ക് താല്‍പര്യമില്ലെന്നാണ് രാജമൗലി തുറന്നടിച്ചത്.

ആ സിനിമ വിജയമായിരുന്നു. എന്നാല്‍ അതിന് കള്ളക്കണക്കുകള്‍ കാണിച്ച് പെരുപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. 20 ശതമാനം കണക്കുകളും കള്ളമായിരുന്നു. കാലാവധി കഴിഞ്ഞിട്ടും പല തിയേറ്ററുകളിലും മഗധീര നിര്‍ബന്ധിച്ച് പ്രദര്‍ശിപ്പിച്ചു. അല്ലു അരവിന്ദിന്റെ ഈ പ്രവര്‍ത്തിയോട് എനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല.

എന്റെ പേര് ചേര്‍ത്തുവായിക്കുന്ന സിനിമയാണെങ്കില്‍ സത്യസന്ധത കാണിക്കണമെന്നത് എനിക്ക് നിര്‍ബന്ധമാണ്. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഒരുക്കമല്ലെന്നും രാജമൗലി പറഞ്ഞു.

Top