സുശാന്തിന്റെ ജീവിതം പശ്ചാത്തലമാക്കിയ ചിത്രം; സ്ട്രീമിങ് തടയാനാവില്ലെന്ന് ദില്ലി ഹൈക്കോടതി

ഡല്‍ഹി: അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിതം പശ്ചാത്തലമായി നിര്‍മിച്ച ചിത്രത്തിന്റെ സ്ട്രീമിംഗ് തടയാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ചിത്രത്തിനെതിരെ സുശാന്തിന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് സ്ട്രീമിങ് തടയാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചത്. സുശാന്തിന്റെ ജീവിതം ആധാരമാക്കി നിര്‍മ്മിച്ച ‘ന്യായ്: ദി ജസ്റ്റിസ്’എന്ന സിനിമക്കെതിരെ പിതാവാണ് കോടതിയെ സമീപിച്ചത്.

അപകീര്‍ത്തികരമായ പ്രസ്താവനകളുടെയും വാര്‍ത്താ ലേഖനങ്ങളുടെയും അടിസ്ഥാനത്തിലാണ് സിനിമ നിര്‍മ്മിച്ചതെന്നാണ് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണം. സുശാന്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതായി സിനിമയില്‍ കാണിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ സമ്മതമില്ലാതെ സുശാന്തിനെക്കുറിച്ച് വിമര്‍ശനത്മകമായോ അല്ലാതെയോ ഒന്നും പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്നും സുശാന്തിന്റെ പിതാവ് വാദിച്ചു.

എന്നാല്‍ സുശാന്തിന്റെ സ്വകാര്യത അവകാശങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തോടെ ഇല്ലാതായെന്ന് ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ‘ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും സുശാന്തുമായി ബന്ധപ്പെട്ടതാണ്. സുശാന്തിന്റെ സ്വകാര്യത, വ്യക്തിത്വം, പ്രസിദ്ധി എന്നീ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഈ അവകാശങ്ങള്‍ പാരമ്പര്യമായി ലഭിക്കുന്നതല്ല. അവ സുശാന്തിനൊപ്പം മരിച്ചു. അതിനാല്‍ പ്രസ്തുത അവകാശങ്ങള്‍ വാദിയുടെ വിഹിതത്തില്‍ ഉള്ളതല്ല, ‘ ഹൈക്കോടതി വ്യക്തമാക്കി. സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ പൂര്‍ണമായും മാധ്യമ പ്രസിദ്ധീകരങ്ങളില്‍ നിന്നുള്ളവയാണെന്നും അതിനാല്‍ അവ പൊതുവായി ലഭ്യമായ വിവരങ്ങള്‍ ആണെന്നും ജസ്റ്റിസ് സി ഹരി ശങ്കര്‍ പറഞ്ഞു.

‘ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(2) ലംഘിക്കുന്നതാണ് സിനിമയെന്ന് പറയാനാകില്ല. എന്നാല്‍ സിനിമയുടെ സ്ട്രീമിങ് തടയുന്നത് ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരമുള്ള പ്രതികളുടെ അവകാശങ്ങള്‍ ലംഘിക്കും. പൊതുരംഗത്ത് നിന്ന് ലഭിച്ചിരുന്ന വിവരങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് മീഡിയകളില്‍ ഇത് പ്രദര്‍ശിപ്പിച്ചപ്പോള്‍ സുശാന്തോ കുടുംബമോ അതിനെതിരെ രംഗത്ത് വന്നിരുന്നില്ല. സ്വതന്ത്രമായ പുതിയ കാര്യങ്ങളൊന്നും സിനിമയില്‍ ചേര്‍ത്തിട്ടുമില്ല.സെലിബ്രിറ്റി സംസ്‌കാരം പ്രോത്സാഹിപ്പിക്കാനുള്ള ഒന്നായി നിയമത്തെ മാറ്റാനാവില്ല. ഒരാളുടെ വ്യക്തി അവകാശങ്ങള്‍ സെലിബ്രിറ്റികള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ലഭ്യമാകും’ കോടതി കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ നിന്നും സംവിധായകനില്‍ നിന്നും നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് അവകാശപ്പെടുന്ന സാഹചര്യത്തില്‍, കേസ് നിലനിര്‍ത്താനും വിചാരണ ചെയ്യാനും സുശാന്തിന്റെ കുടുംബത്തിന് അവകാശമുണ്ടായിരിക്കുമെന്നും ജസ്റ്റിസ് ശങ്കര്‍ പറഞ്ഞു.

Top