‘പോരാട്ടം തുടരും’ ; നിരാഹാരസമരം അവസാനിപ്പിച്ച് ദയാബായി

തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി 18 ദിവസമായി നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉറപ്പുകളില്‍ വ്യക്തത വരുത്തിയതിനാലാണിത്. സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി. അതേസമയം അവസാനിപ്പിക്കുന്നത് നിരാഹാരം മാത്രമാണെന്നും ആവശ്യങ്ങൾ നടപ്പിലാകുന്നത് വരെ പോരാട്ടം തുടരുമെന്നും ദയാബായി പറഞ്ഞു.

ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന എൻഡോസൾഫാൻ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അനുനയ നീക്കം നടത്തിയിരുന്നു. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസം ആവശ്യപ്പെട്ട് ദയാബായിയുടെ നേതൃത്വത്തിലാണ് 18 ദിവസം ആയി സമരം തുടർന്നുകൊണ്ടിരുന്നത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദയാബായി ആശുപത്രിയിലും സമരം തുടരുകയായിരുന്നു.

എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് മികച്ച ചികിൽസ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ഇന്ന് മുതൽ സമരം ശക്തമാക്കി.സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. നാളെ ഞാനും ദയാബായിയോടൊപ്പം എന്ന പേരിൽ ഐക്യദാർഢ്യ ഉപവാസം. ശനിയാഴ്ച ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് എൻഡോ സൾഫാൻ ഇരകളെ പങ്കെടുപ്പിച്ച് ബഹുജന മാർച്ചും സംഘടിപ്പിക്കും.

Top