ഫിഫ വനിതാ ലോക കപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം; ന്യൂസിലാന്‍ഡില്‍ വെടിവയ്പ്

ഓക്ലാന്‍ഡ്: ഫിഫ വനിതാ ലോക കപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ന്യൂസിലാന്‍ഡില്‍ വെടിവയ്പ്. ഓക്ലാന്‍ഡില്‍ നടന്ന വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പൊലീസുകാര്‍ അടക്കം ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. പ്രാദേശിക സമയം 7.22ഓടെയാണ് തോക്കുമായെത്തിയ അക്രമി വെടിയുതിര്‍ക്കാന്‍ ആരംഭിച്ചത്. വെടിവയ്പില്‍ അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഫുട്‌ബോള്‍ ലോകകപ്പ് നിശ്ചയിച്ച രീതിയില്‍ തന്നെ നടക്കുമെന്നും ആക്രമണത്തിന് പിന്നില്‍ ഭീകരവാദ സംഘങ്ങളില്ലെന്നുമാണ് വിലയിരുത്തലെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് പ്രതികരിച്ചു.

ഓക്ലാന്‍ഡിലെ ക്വീന്‍സ് സ്ട്രീറ്റിലായിരുന്നു വെടിവയ്പ് നടന്നത്. രാഷ്ട്രീയ ആശയത്തിലൂന്നിയതാണ് അക്രമം എന്ന് കരുതുന്നില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. പമ്പ് ആക്ഷന്‍ ഷോട്ട് ഗണ്‍ ഉപയോഗിച്ചായിരുന്നു അക്രമി വെടിയുതിര്‍ക്കാന്‍ ആരംഭിച്ചത്. ധീരരായ ന്യൂസിലാന്‍ഡ് പൊലീസ് ഉദ്യോഗസ്ഥര്‍ വെടിവയ്പ് ഭയക്കാതെ തന്നെ സംഭവ സ്ഥലത്ത് എത്തി അക്രമിയെ നേരിട്ടുവെന്നും പ്രധാനമന്ത്രി വിശദമാക്കി. ലോക കപ്പ് മത്സരത്തിന് എത്തിയ ടീം അംഗങ്ങള്‍ സുരക്ഷിതരാണെന്നും മത്സരങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ഫിഫ അധികൃതര്‍ വിശദമാക്കി. നമ്മള്‍ കണ്ട് ശീലിച്ച സംഭവങ്ങളല്ല നിലവില്‍ നടന്നതെന്നാണ് ഓക്ലാന്‍ഡ് മേയര്‍ വെയിന്‍ ബ്രൌണ്‍ ട്വീറ്റ് ചെയ്തത്.

ഫിഫ വനിതാ ലോകകപ്പ് ഇത്ഘാടന മത്സരം ന്യൂസിലാന്‍ഡും നോര്‍വ്വെയും തമ്മില്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് ആക്രമണം നടന്നത്. 9ാം വനിതാ ലോകകപ്പിന് ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയുമാണ് ആതിഥേയരാവുന്നത്. നിര്‍മ്മാണം നടക്കുന്ന ഒരു കെട്ടിടത്തിലിരുന്നായിരുന്നു അക്രമി വെടിയുതിര്‍ത്തത്. ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 20 വരെയാണ് വനിതാ ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.

Top