പുതുപ്പള്ളിയില്‍ തീപാറുന്ന മത്സരം, ജെയ്ക്ക് ജയിച്ചാല്‍, മന്ത്രിസഭാ പുന:സംഘടനയില്‍ പരിഗണിച്ചേക്കും

ടുവില്‍ ആ പ്രഖ്യാപനവും ഇപ്പോള്‍ വന്നിരിക്കുകയാണ്. ചാണ്ടി ഉമ്മന്റെ കട്ട എതിരാളിയായി ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക്ക് സി തോമസാണ് രംഗത്തിറങ്ങുന്നത്. ഇതോടെ, പുതുപ്പള്ളിയിലേക്ക് വലിയ തോതില്‍ ഡി.വൈ.എഫ്.ഐ കേഡറുകളും ഇനിയെത്തും. വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചരണത്തിനായി പ്രത്യേക വനിതാ സ്‌ക്വാഡുകളെ രംഗത്തിറക്കാനും ഡി.വൈ.എഫ്.ഐ തീരുമാനിച്ചുണ്ട്. സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ ഡി.വൈ.എഫ്.ഐ പ്രചരണത്തിന് മേല്‍ നോട്ടം വഹിക്കും.

എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റായ ജെയ്ക്കിനു വേണ്ടി എസ്.എഫ്.ഐയും സ്വന്തം നിലയ്ക്ക് പ്രചരണ രംഗത്തുണ്ടാകുമെന്നാണ് എസ്.എഫ്.ഐ നേതാക്കളും വ്യക്തമാക്കിയിരിക്കുന്നത്. പുതുപ്പള്ളിയില ഓരോ വീടും കേന്ദ്രീകരിച്ച് വ്യത്യസ്ത സ്‌ക്വാഡുകളെ രംഗത്തിറക്കി വോട്ട് ഉറപ്പിക്കാനാണ് ഈ ഇടതുപക്ഷ സംഘടനകള്‍ ശ്രമിക്കുന്നത്. പുതുപ്പള്ളിയിലെ കണക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ഇടതുപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ 6ലും ഭരിക്കുന്നത് ഇടതുപക്ഷമാണ്. പുതുപ്പള്ളി, പാമ്പാടി, മണര്‍കാട്, കൂരോപ്പട, വാകത്താനം, അകലക്കുന്നം പഞ്ചായത്തുകളിലാണ് ഇടതുപക്ഷം അധികാരത്തിലുള്ളത്. അയര്‍ക്കുന്നം, മീനടം പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിനു വിജയിക്കാന്‍ സാധിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലും ഇടതുപക്ഷ മേധാവിത്വമാണ് പ്രകടമായിട്ടുള്ളത്. പാമ്പാടി, മാടപ്പള്ളി, പള്ളം, ബ്ലോക്കുകളിലെ ഡിവിഷനുകളാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. മൂന്നിടത്തും ഇടതുപക്ഷമാണ് നിലവില്‍ ഭരിക്കുന്നത്. ഇതില്‍ നിന്നു തന്നെ എത്രമാത്രം ശക്തമാണ് ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറയെന്നത് വ്യക്തമാണ്.

ഉമ്മന്‍ചാണ്ടി ആയതുകൊണ്ടു മാത്രമാണ് പുതുപ്പള്ളിയില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ്സ് വിജയിക്കുന്നത് എന്ന വാദം ഒരു പരിധിവരെ ശരിതന്നെയാണ്. സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി മത്സരിച്ചിട്ടു പോലും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കേവലം 9,044 വോട്ടുകളായി കുറഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വലിയ ആത്മവിശ്വാസം കോണ്‍ഗ്രസ്സിനും നല്ലതല്ല. ഇത്തവണ സഹതാപ ആനുകൂല്യം പോലും യു.ഡി.എഫിനെ തുണയ്ക്കില്ലെന്നാണ് സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ജെയ്ക്ക് ജയിച്ചാല്‍ പുതുപ്പള്ളിക്ക് ഒരു മന്ത്രിയെന്ന അഭ്യൂഹവും മണ്ഡലത്തില്‍ ഇതിനകം തന്നെ ശക്തമായിട്ടുണ്ട്. ഇക്കാര്യത്തില്‍ സി.പി.എം പരസ്യമായി ഒരു സൂചന പോലും നല്‍കിയിട്ടില്ലങ്കിലും ഇടതുപക്ഷ സര്‍ക്കാര്‍ കടുത്ത കടന്നാക്രമണം നേരിടുന്ന വര്‍ത്തമാനകാലത്ത് 53 വര്‍ഷം കോണ്‍ഗ്രസ്സ് തുടര്‍ച്ചയായി കൈവശം വച്ച മണ്ഡലം പിടിച്ചെടുത്താല്‍ ജെയ്ക്കിന് വലിയ പരിഗണന സി.പി.എം നല്‍കുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. കോണ്‍ഗ്രസ്സ് ഒരു മുഖ്യമന്ത്രിയെയാണ് പുതുപ്പള്ളിക്ക് സമ്മാനിച്ചതെങ്കില്‍ ഒരു മന്ത്രിയെ സമ്മാനിക്കാന്‍ ഇടതുപക്ഷവും മടിക്കില്ലന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിരീക്ഷണം.

ചുവരെഴുതിയും ബോര്‍ഡുകള്‍ സ്ഥാപിച്ചും കോണ്‍ഗ്രസ്സാണ് ആദ്യം തന്നെ പ്രചരണത്തിനു തുടക്കം കുറിച്ചതെങ്കിലും ജെയ്ക്ക് സ്ഥാനാര്‍ഥിയാണെന്ന പ്രഖ്യാപനം പുറത്തു വന്നതോടെ ഇടതുപക്ഷ അണികളും ഉഷാറായിട്ടുണ്ട്. പ്രചാരണ ഗാനങ്ങള്‍ ഉള്‍പ്പെടെയാണ് അണിയറയില്‍ ശരവേഗത്തില്‍ തയ്യാറായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായ വോട്ടു ചോര്‍ച്ച തടയാന്‍ ബി.ജെ.പിയും അവരുടെ ശക്തി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കേരള രാഷ്ട്രീയം ഉറ്റു നോക്കുന്ന പുതുപ്പള്ളി തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ പുതുപ്പള്ളിയിലാണിപ്പോള്‍ തമ്പടിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി 53വര്‍ഷം കൈവശം വച്ച മണ്ഡലം നിലനിര്‍ത്തുക എന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചും ചാണ്ടി ഉമ്മനെ സംബന്ധിച്ചും അഭിമാന പ്രശ്‌നമാണ്. പുതുപ്പള്ളിയില്‍ തോറ്റാല്‍ അതുകൊണ്ടു തന്നെ ഒരു ന്യായീകരണം നിരത്താനും അവര്‍ക്കു കഴിയുകയുമില്ല.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിനു അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് മാധ്യമങ്ങളും സൃഷ്ടിച്ചു നല്‍കിയിരിക്കുന്നത്. എന്നിട്ടും തോല്‍ക്കുകയാണെങ്കില്‍ അത് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അവസാനത്തിന്റെ ആരംഭമായാണ് മാറുക. തൃക്കാക്കര മോഡലില്‍ പുതുപ്പള്ളിയിലും വിജയിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം കരുതുന്നത്. എന്നാല്‍, പുതുപ്പള്ളിയുടെയും തൃക്കാക്കരയുടെയും രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാല്‍ ഈ ആത്മവിശ്വാസത്തിനു കഴമ്പില്ലന്നു തന്നെ പറയേണ്ടി വരും.

കാരണം, തൃക്കാക്കര കോണ്‍ഗ്രസ്സിനു വലിയ അടിത്തറയുള്ള മണ്ഡലമാണ്. ആ മണ്ഡലം രൂപീകൃതമായതു മുതല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി മാത്രമാണ് വിജയിച്ചിട്ടുള്ളത്. എന്നാല്‍, പുതുപ്പള്ളിയിലെ സ്ഥിതി അതല്ല. ഇവിടെ ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതിനു മുന്‍പു സി.പി.എം വിജയിച്ച മണ്ഡലമാണ്. ഇപ്പോഴും ഈ മണ്ഡലത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടിയും സി.പി.എമ്മാണ്. ഇടതുപക്ഷത്തേക്ക് കേരള കോണ്‍ഗ്രസ്സു കൂടി വന്നപ്പോള്‍ ആ ശക്തി വര്‍ദ്ധിച്ചിട്ടുമുണ്ട്.

2021 -ലെ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ 1,76,103 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ 86,172 പുരുഷന്മാരും, 89,928- സ്ത്രീകളും, മൂന്ന് ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടും. 1,32,687 പേരാണ് ആ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ ഉമ്മന്‍ചാണ്ടിക്ക് 63,372- വോട്ടും, ജെയ്ക് സി തോമസിന് 54,328 വോട്ടുകളുമാണ് ലഭിച്ചിരുന്നത്. 2016-ല്‍ 15,933 വോട്ടുകള്‍ ലഭിച്ചിരുന്ന ബി.ജെ.പിക്ക് 2021-ല്‍ ലഭിച്ചത് 11,694 വോട്ടുകള്‍ മാത്രമാണ്. യുഡിഎഫിന് 48.08 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇടതുപക്ഷത്തിന് 41 .22 ശതമാനവും ലഭിക്കുകയുണ്ടായി. ബിജെപി മുന്‍പു നേടിയ 12 ശതമാനത്തില്‍ നിന്നും 8.87 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയിരുന്നത്. ഇടതുപക്ഷത്തിന് എട്ട് ശതമാനം വോട്ടുകളാണ് മുന്‍ തെരഞ്ഞെടുപ്പിലേതിലും കൂടുതല്‍ കിട്ടിയിരുന്നത്. യുഡിഎഫിനാകട്ടെ അഞ്ചര ശതമാനം വോട്ട് കുറയുകയും ചെയ്തു.

ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയായി തളയ്ക്കാന്‍ കഴിഞ്ഞത് ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.വിജയ സമാനമായ ഈ മുന്നേറ്റം സാധ്യമാക്കിയ ജെയ്ക്ക് തന്നെ വീണ്ടും കളത്തില്‍ ഇറങ്ങുമ്പോള്‍ ഉമ്മന്‍ചാണ്ടിയില്ലാത്ത കോണ്‍ഗ്രസ്സ് ശരിക്കും ഭയക്കുക തന്നെ വേണം. ഉമ്മന്‍ചാണ്ടിയെ പുണ്യാളനായി ചിത്രീകരിക്കാനുള്ള നീക്കത്തെയും സഹതാപ തരംഗം സൃഷ്ടിക്കാനുള്ള നീക്കത്തെയും ശക്തമായി ചെറുക്കാന്‍ തന്നെയാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്.

പുതുപ്പള്ളിയില്‍ ഒരു പുണ്യാളനേ ഉള്ളൂ എന്നും അത് ഗീവര്‍ഗീസ് പുണ്യാളനാണെന്നുമുള്ള ജെയ്ക് സി തോമസിന്റെ മറുപടിയില്‍ ഇടതുപക്ഷ നിലപാടും വ്യക്തമാണ്. ‘ഗീവര്‍ഗീസ് സഹദാ അല്ലാതെ മറ്റ് ഏതെങ്കിലും ഒരു പുണ്യാളന്‍ ഉണ്ടോ എന്ന് ‘ ജനം മറുപടി പറയട്ടെ എന്നാണ് ജെയ്ക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മണ്ണില്‍ വിജയം ആവര്‍ത്തിക്കാന്‍. സഹതാപ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുമ്പോള്‍ ‘ഇന്ദിരഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സഹതാപതരംഗത്തെ അതിജീവിച്ച മണ്ണാണ് ഇതെന്നു ചൂണ്ടിക്കാട്ടിയാണ് സി.പി.എം പ്രവര്‍ത്തകര്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ഇരുവിഭാഗവും അഭിമാന പോരാട്ടമായി കാണുന്ന തിരഞ്ഞെടുപ്പില്‍ ഇത്തവണ തീപാറുന്ന മത്സരമാണ് നടക്കാന്‍ പോകുന്നത്. അതെന്തായാലും വ്യക്തവുമാണ്.

EXPRESS KERALA VIEW

Top