പിഴയിനത്തിൽ വനിതാ ടിക്കറ്റ് ചെക്കർ ഇതുവരെ ഈടാക്കിയത് ഒരു കോടിയിലധികം രൂപ; പ്രശംസിച്ച് റെയിൽവേ

ദില്ലി: പിഴയിനത്തിൽ യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപയിലധികം വാങ്ങിയ വനിതാ ടിക്കറ്റ് ചെക്കറെ പ്രശംസിച്ച് റെയിൽവേ മന്ത്രാലയം. ദക്ഷിണ റെയിൽവേയിലെ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറായ റോസലിൻ ആരോക്യ മേരിയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് ഇതുവരെ പിഴയായി 1.03 കോടി രൂപ ഈടാക്കിയത്. ട്വിറ്ററിലാണ് മന്ത്രാലയം ഇക്കാര്യം പങ്കുവച്ചത്.

ജോലിയോടുള്ള ആത്മാർത്ഥ എന്ന വിശേഷണത്തോടെയാണ് റോസലിനെക്കുറിച്ചുള്ള ട്വീറ്റ് റെയിൽവേ മന്ത്രാലയം പങ്കുവച്ചിരിക്കുന്നത്. പിഴയിനത്തിൽ ഇത്രയധികം തുക റെയിൽവേക്ക് നേടിക്കൊടുക്കുന്ന ആദ്യ വനിതയാണ് ഇവർ. റെയിൽവേയുടെ ട്വീറ്റ് വളരെ വേ​ഗം വൈറലായി. റോസലിനെ പ്രശംസിച്ച് നിരവധി പേരാണ് റീട്വീറ്റ് ചെയ്തതും കമന്റുകൾ പങ്കുവച്ചിരിക്കുന്നതും. റോസലിനെപ്പോലെ ജോലിയോട് സമർപ്പണ മനോഭാവമുള്ള നിരവധി പേരെ ഭാരതത്തിന് ആവശ്യമുണ്ടെന്ന് ഒരാൾ കമന്റ് ചെയ്തു.

റോസലിൻ ജോലി ചെയ്യുന്നതിന്റെ ചിത്രങ്ങളും ട്വീറ്റിനൊപ്പം ഇന്ത്യൻ റെയിൽവേ പങ്കുവച്ചിട്ടുണ്ട്. ഏപ്രിൽ 2022 മുതൽ ഇതുവരെയുള്ള കാലയളവിൽ മൂന്ന് ടിക്കറ്റ് ചെക്കർമാർ യാത്രക്കാരിൽ നിന്ന് ഒരു കോടിയിലധികം രൂപ പിഴയിനത്തിൽ ഈടാക്കിയിട്ടുണ്ടെന്നാണ് ദക്ഷിണറെയിൽവേ നൽകുന്ന കണക്ക്. ശക്തിവേൽ എന്ന ടിക്കറ്റ് എക്സാമിനർ 1.10 കോടി രൂപയാണ് ഈടാക്കിയത്. ചൈന്നൈ ഡിവിഷൻ ഡെപ്യൂട്ടി ചീഫ് എക്സാമിനർ ആയ നന്ദകുമാർ 1.55 കോടി രൂപയും ഇങ്ങനെ വാങ്ങിയിട്ടുണ്ടെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു.

Top