ചൈന കൈ കൊടുക്കുന്നവർക്ക് ‘ഭയം’ ‘മാൻഡ്രേക്ക് ബാധപോലെ’ തിരിച്ചടി

‘ജൂനിയർ മാൻഡ്രേക്കിന്റെ’ അവസ്ഥയിലാണിപ്പോൾ ചൈനയുള്ളത്. കോവിഡിനു ശേഷമാണ് ഈ അവസ്ഥ ആ രാജ്യത്തിനു വന്നിരിക്കുന്നത്. ലോകരാജ്യങ്ങൾ കോവിഡ് വൈറസ് പരത്തിയതിൽ ചൈനക്ക് വലിയ പങ്കുണ്ടെന്നാണ് ഇപ്പോഴും കരുതുന്നത്. ഈ ഒറ്റ കാരണത്താൽ തന്നെ ചൈനയെ ഒറ്റപ്പെടുത്തുന്ന നയവും പ്രമുഖ രാജ്യങ്ങൾ ഉൾപ്പെടെ സ്വീകരിച്ചിട്ടുമുണ്ട്. സാമ്പത്തികമായി വളർന്നു കൊണ്ടിരുന്ന ചൈനയിലെ സ്ഥിതി ഇപ്പോൾ ആശങ്കാപരമാണ്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ലോക മാർക്കറ്റിൽ തിരിച്ചടി നേരിട്ടതും ഈ പ്രതിസന്ധിക്ക് ഒരു പ്രധാന കാരണമാണ്. പാക്കിസ്ഥാനെയും ശ്രീലങ്കയെയും ഉൾപ്പെടെ, ചൈന കൈവിട്ട് സഹായിച്ച രാജ്യങ്ങളിൽ നിന്നും പൊള്ളുന്ന അനുഭവമാണ് ചൈനക്കുണ്ടായിരിക്കുന്നത്. ചൈനയുമായി അടുപ്പം പുലർത്തുന്ന രാജ്യങ്ങൾക്കെല്ലാം തിരിച്ചടി ലഭിച്ചു തുടങ്ങിയതോടെയാണ് ‘മാൻഡ്രേക്ക്’ ഭയം പടർന്നിരിക്കുന്നത്. ചൈന വൻ തോതിൽ നിക്ഷേപം നടത്തിയ ശ്രീലങ്ക സാമ്പത്തികമായി തകർന്ന് തരിപ്പണമായി കഴിഞ്ഞു. ഇതു പോലെ വലിയ സഹായം നൽകി കൂടെ നിർത്തിയ പാക്കിസ്ഥാന്റെ സ്ഥിതിയും ഏറെ പരിതാപകരമാണ്. ശ്രീലങ്കയ്ക്ക് സമാനമായ പ്രതിസന്ധിയാണ് പാക്കിസ്ഥാനും നിലവിൽ അനുഭവിക്കുന്നത്.

ഓരോ ദിവസം കഴിയുന്തോറും, സാമ്പത്തികായി തകർന്നുകൊണ്ടിരിക്കുകയാണ് പാകിസ്ഥാൻ. ലോകരാഷ്‌ട്രങ്ങൾക്ക് കോടാനുകോടികളാണ് പാകിസ്ഥാൻ നൽകാനുള്ളത്. ഇതിൽ വലിയ പങ്ക് ചൈനയുടേതാണ്. രാജ്യത്തിന്റെ വിദേശകരുതൽ ശേഖരം 7.8 ബില്യൺ മാത്രമായാണ് നിലവിൽ ചുരുങ്ങിയിരിക്കുന്നത്. ആണവ ശക്തിയായ ലോകത്തെ ഏക മുസ്ലീം രാജ്യമായതിനാൽ ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നീ ഗൾഫ് രജ്യങ്ങൾ ഇപ്പോൾ പാകിസ്ഥാനെ സഹായിക്കാൻ രംഗത്ത് വന്നിട്ടുണ്ട്. ചൈന രണ്ടടി പിന്നോട്ട് വച്ച സാഹചര്യത്തിലാണ് ഈ നീക്കം. മൂന്ന് ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഖത്തർ, പാകിസ്ഥാനിൽ നടത്താൻ പോകുന്നത്. ഖത്തർ ഇൻവസ്‌റ്റ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ദോഹ സന്ദർശനത്തിന് പിന്നാലെയയിരുന്നു ഖത്തറിന്റെ ഈ സഹായഹസ്തം. പാകിസ്ഥാനിൽ ചില പ്രത്യേക നിക്ഷേപങ്ങൾ നടത്തുന്നതിന് ഖത്തർ അമീറിനു താൽപര്യമുണ്ടെന്നാണ് അൽ ജസീറ പോലുള്ള മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഖത്തർ പൗരന്മാർക്ക് പാകിസ്ഥാനിൽ വസ്‌തുവകകൾ വാങ്ങുന്നതിനും വ്യവസായങ്ങൾ ആരംഭിക്കുന്നതിനും ഉള്ള സഹായങ്ങൾ ഒരുക്കാമെന്ന് പാക് ഭരണകൂടവും സമ്മതിച്ചിട്ടുണ്ട്. ഖത്തറിനു പുറമെ പാകിസ്ഥാനിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്ന മറ്റൊരു രാജ്യം യുഎഇ ആണ്. ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപത്തിനാണ് യുഎഇ തയ്യാറെടുക്കുന്നത്. വാതകം, ഊർജം, ആരോഗ്യം എന്നീ മേഖലകളിലാണ് യു.എ.ഇ നോട്ടമിട്ടിരിക്കുന്നത്.

സൗദി അറേബ്യയും ഒരു ബില്യൺ ഡോളറിന്റെ വികസന പ്രവർത്തനങ്ങൾ പാകിസ്ഥാനിൽ നടത്തുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. സൗദി-പാക് വിദേശകാര്യമന്ത്രിമാർ തമ്മിലുള്ള ചർച്ചയും ഇക്കാര്യത്തിൽ നടന്നു കഴിഞ്ഞിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കും ഒരുപോലെ താൽപര്യമുള്ള ഒട്ടേറെ കാര്യങ്ങളിൽ പരസ്‌പര സഹകരണത്തോടെ മുന്നോട്ടുപോകാനാണ് തീരുമാനം.

ഇപ്പോൾ പാക്കിസ്ഥാനെ സഹായിക്കാൻ രംഗത്തു വന്ന മൂന്ന് രാജ്യങ്ങളും ഇന്ത്യയുമായി ഏറെ അടുപ്പം പുലർത്തുന്ന രാജ്യങ്ങളാണ്. പാക്കിസ്ഥാനക്കാൾ അടുപ്പം ഇവർക്ക് ഇന്ത്യയോട് തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇനി പാക്കിസ്ഥാന് ചൈന പറയുന്നത് മാത്രം കേട്ട് മുന്നോട്ട് പോകാൻ കഴിയുകയില്ല. ഇന്ത്യക്കെതിരായ ഏതൊരു പാക്ക് നീക്കത്തിലും ഇടപെടാനും പാക്കിസ്ഥാനെ സമ്മർദ്ദത്തിലാക്കാനും ഗൾഫ് രാജ്യങ്ങൾക്ക് കഴിയും. പുതിയ ഇടപാട് അതിനുള്ള ‘ലൈസൻസ്’ കൂടിയായി മാറുമെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ഗൾഫ് രാജ്യങ്ങളുടെ ഇപ്പോഴത്തെ നീക്കത്തെ ചൈനയും സൂഷ്മം നിരീക്ഷിച്ചു വരികയാണ്. സാമ്പത്തിക സഹായത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഇന്ത്യക്കെതിരായ നീക്കത്തിന് പാക്കിസ്ഥാനെ ചൈനയ്ക്ക് അനിവാര്യമാണ്. പാക്കിസ്ഥാനെ സംബന്ധിച്ചും ഒരു പ്രശ്നമുണ്ടായാൽ സൈനിക സഹായത്തിന് ചൈനയെ തന്നെയാണ് ആശ്രയിക്കേണ്ടിയും വരിക. പുതിയ സാഹചര്യത്തിൽ അത് എത്രമാത്രം മുന്നോട്ട് പോകുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.

പാക്കിസ്ഥാനിൽ നിന്നും ഊറ്റാൻ ഇനി അധികം ബാക്കിയില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കി കുടിയാണ് ചൈന തങ്ങളുടെ പാക് നിക്ഷേപം ഈ വർഷം 56 ശതമാനമായി വെട്ടിക്കുറച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ ഈ നീക്കമാണ് ഗൾഫ് രാജ്യങ്ങളുടെ സഹായം തേടാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഈ സഹായവും പാക്കിസ്ഥാനെ സംബന്ധിച്ച് വലിയ ‘പാര’ ആയാണ് ഇനി മാറാൻ പോകുന്നത്. ഒരു ഭാഗത്ത് ചൈനയോടും മറു ഭാഗത്ത് ഗൾഫ് രാജ്യങ്ങളോടുമുള്ള സാമ്പത്തിക കടപ്പാട് നികത്താൻ കഴിഞ്ഞില്ലങ്കിൽ ഈ രാജ്യങ്ങൾ തന്നെ അത് തിരിച്ചു പിടിക്കാനുള്ള കടുത്ത ‘മാർഗ്ഗങ്ങൾ’ സ്വീകരിക്കാനാണ് സാധ്യത. ഇന്ത്യയെ പ്രഖ്യാപിത ശത്രുവായി കാണുന്ന പാക്കിസ്ഥാൻ സ്വന്തം മണ്ണിൽ തന്നെ ശത്രുക്കളെ സൃഷ്ടിക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്നത്. അതു തന്നെയാണ് യാഥാർത്ഥ്യവും.

EXPRESS KERALA VIEW

 

Top