പുതുവര്‍ഷത്തെ നിറമായ് പീച്ച് ഫസിനെ തെരഞ്ഞെടുത്ത് ഫാഷന്‍ ലോകം

പുതുവര്‍ഷത്തെ നിറമായ് പീച്ച് ഫസിനെ തെരഞ്ഞെടുത്ത് ഫാഷന്‍ ലോകം. കണ്ണിന് സ്വാസ്ഥ്യം നല്‍കുന്ന ഇളം നിറമായ പീച്ച് ഫസ് വസ്ത്രങ്ങളിലും ആഭരണങ്ങളിലും നിറയുന്നതാകും ഇനിയുള്ള ട്രെന്റ്. നിലവില്‍ ട്രെന്റായ പേസ്റ്റല്‍ കളറുകളില്‍ തന്നെയാണ് ഈ നിറവും ഉള്‍പ്പെടുന്നത്. കളര്‍ പാലറ്റില്‍ ഓറഞ്ചിന്റെയും പിങ്കിന്റെയും ഇടയിലാണ് പീച്ച് ഫസ്. ഈ ഇളം നിറം ഇതിനോടകം ട്രെന്റായിക്കഴിഞ്ഞു. എല്ലാ വര്‍ഷവും ഫാഷന്‍ ലോകം ഓരോ നിറം തിരഞ്ഞെടുക്കാറുണ്ട്. ഇത് നിശ്ചയിക്കുന്ന പാന്റോണ്‍ കളര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെയാണ് ഇത്തവണയും കളര്‍ തീരുമാനിച്ചത്. ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട് പാന്റോണിന്റെ 25ാം വാര്‍ഷിക നിറം കൂടിയാണ് പീച്ച് ഫസ്.

വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കുമപ്പുറം ചെരുപ്പ്, സ്‌നീക്കേഴ്‌സ്, സണ്‍ ഗ്ലാസ് എന്നിവയിലടക്കം ഈ നിറം വിപണിയിലെത്തിക്കഴിഞ്ഞു. ഫോര്‍മലോ പാര്‍ട്ടി വെയറോ ക്യാഷ്വലോ എന്തുമാകട്ടെ പീച്ച് ഫസ് പെര്‍ഫക്ട് ചോയ്‌സ് ആകുക കൂടിയാണ്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തിരഞ്ഞെടുക്കുന്നുവെന്നതും ഈ നിറത്തെ ട്രെന്റാക്കുന്നു. മെറ്റാലിക്, സീക്വന്‍സുകള്‍ എന്നിവയ്‌ക്കൊപ്പം പീച്ച് ഫസ് നിറം സ്‌റ്റൈലാകും. സോളിഡ് പീച്ച് ഫസ് പാന്റ്‌സിനൊപ്പം പാറ്റേണ്‍ ടോപ്‌സ് ബോള്‍ഡ് ലുക്ക് നല്‍കും. റെഗുലര്‍ ഡെനീമിനൊപ്പം ജാക്കറ്റായും ഈ നിറം ട്രൈ ചെയ്യാം. നിലവിലെ ട്രാന്റായ മോണോക്രോമിലും പീച്ച് ഫസ്സിന് സ്‌പേസുണ്ട്. മറ്റെല്ലാ നിറത്തെയും പോലെ വൈറ്റിനൊപ്പവും പെയര്‍ ചെയ്യാം. മറൂണ്‍, ഡീപ്പ് പര്‍പ്പിള്‍, ബര്‍ഗണ്ടി, മജന്ത നിറങ്ങള്‍ക്കൊപ്പം പീച്ച് ഫസിന് സ്‌റ്റൈലിഷ് ലുക്ക് നല്‍കാം.

Top