സി.പി.എം കർഷക സമരത്തിനു മുന്നിൽ . . കീഴടങ്ങി ബി.ജെ.പി സർക്കാർ, പുതുചരിത്രം

Kisan Long March

മുംബൈ: രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗ സമരത്തില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത മഹാരാഷ്ട്രയിലെ കര്‍ഷക സമരം അവസാനിച്ചു. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ പിടിച്ചുലച്ച സമരത്തിന് പര്യവസാനമായത്.

സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ നേതാക്കളുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്.

കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് പ്രക്ഷോഭകരുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം രണ്ടു മാസംകൊണ്ട് പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കിയിരിക്കുന്നത്.

കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് പഠിക്കാനും നടപ്പാക്കുന്നതിനും ആറംഗ സമിതിയെ നിയോഗിക്കുന്നതിന് തീരുമാനിച്ചു. കര്‍ഷക കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 1.5 ലക്ഷം രൂപയുടെ കടാശ്വാസം നല്‍കും. ആദിവാസി ഭൂമി സംബന്ധിച്ച തീരുമാനം രണ്ടു മാസത്തിനകം എടുക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിധ്യത്തില്‍ മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തിലായിരുന്നു കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടന്നത്. കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.

ത്രിപുരയില്‍ അഹങ്കരിച്ച ബി.ജെ.പിയെ അവരുടെ തട്ടകത്തില്‍ തന്നെ മുട്ടുകുത്തിച്ച ഉജ്വല സമരമായിരുന്ന ചെങ്കടല്‍ തീര്‍ത്ത ലോങ് മാര്‍ച്ച്. ഇതിന് സമാനമായ പ്രക്ഷോഭം ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, യു.പി, ഹരിയാന സംസ്ഥാനങ്ങളിലും സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭ തുടങ്ങാന്‍ പോവുകയാണ്.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നതാണ് ശൂന്യതയില്‍ നിന്നും വിപ്ലവം സൃഷ്ടിക്കുന്ന സി.പി.എമ്മിന്റെ ഈ മാജിക്ക്. 25,000 കര്‍ഷകര്‍ നാസിക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മുംബൈയില്‍ എത്തിയപ്പോള്‍ ഒന്നര ലക്ഷത്തോളം പേരാണ് സമരത്തില്‍ അണിനിരന്നത്.

പൊതു സമൂഹത്തിന്റെ പിന്തുണ വലിയ തോതില്‍ ആര്‍ജജിക്കാന്‍ കഴിഞ്ഞത് തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് വലിയ ഗുണം ചെയ്യാനാണ് സാധ്യത.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍ താനെയില്‍ എത്തിയാണ് സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ചത്

ചൊവ്വാഴ്ച നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ലോങ് മാര്‍ച്ചില്‍ ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ പങ്കെടുത്തിരുന്നു. ജീവിതം അല്ലെങ്കില്‍ മരണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തത്.

ആറ് ദിവസംകൊണ്ട് 180 ഓളം കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് കര്‍ഷകര്‍ മുബൈയില്‍ എത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തിങ്കളാഴ്ച നിയമസഭാ മന്ദിരം ഉപരോധിക്കാനായിരുന്നു കര്‍ഷകരുടെ നീക്കം. സമരക്കാര്‍ സെക്രട്ടറിയേറ്റ് വളയാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ നഗര സുരക്ഷ ശക്തമാക്കുകയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

വനാവകാശ നിയമം നടപ്പിലാക്കുക, കാര്‍ഷിക പെന്‍ഷന്‍ വര്‍ധിപ്പിക്കുക, പാവപ്പെട്ടവരുടെ റേഷന്‍ സമ്പ്രദായത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക. വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക. വിളകള്‍ക്ക് താങ്ങുവില അനുവദിക്കുക. എം.എസ് സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക. നദീസംയോജന പദ്ധതികള്‍ നടപ്പിലാക്കുക. കാര്‍ഷിക ഭൂമി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരം ചെയ്തിരുന്നത്.

സി.പി.എം നേതൃത്വം നല്‍കുന്ന സമരത്തിന് എന്‍.ഡി.എ ഘടകകക്ഷിയും മഹാരാഷ്ട്ര സര്‍ക്കാരില്‍ ഭരണ പങ്കാളിയുമായ ശിവസേനയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശിവസേന നേതാവും മഹാരാഷ്ട്ര പി.ഡബ്ല്യൂ.ഡി മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ സമരക്കാരെ കണ്ട് പിന്തുണ അറിയിച്ചിരുന്നു. എം.എന്‍.എസ് തലവന്‍ രാജ് താക്കറെയുടെ ദൂതന്‍ അഭിജിത് ജാദവും സമരക്കാരെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിരുന്നു.

ഇത് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മാത്രം പ്രശ്‌നമല്ലന്നും ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകരുടെയും പ്രശ്‌നമാണെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ സമരക്കാരെ അഭിവാദ്യം ചെയ്ത് പ്രതികരിച്ചത്.

സമരത്തിന് അഭിവാദ്യമര്‍പ്പിച്ചെത്തിയ പ്രമുഖ തമിഴ് സൂപ്പര്‍ താരങ്ങളായ പ്രകാശ് രാജും, മാധവനും കര്‍ഷക സമരത്തെ ഐതിഹാസിക സമരമായാണ് വിശേഷിപ്പിച്ചത്.

Top