ഇറാന്‍കാര്‍ക്ക് കത്തിക്കാന്‍ യുഎസ്, ഇസ്രയേല്‍ പതാകകള്‍, ഫാക്ടറി കച്ചവടം പൊടിപൊടിക്കുന്നു

പാശ്ചാത്യ ഉപരോധങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനായി അമേരിക്ക, ബ്രിട്ടന്‍, ഇസ്രയേല്‍ എന്നിവരുടെ പതാകകള്‍ കത്തിക്കുന്നത് ഇറാനില്‍ പതിവാണ്. ഈ പ്രതിഷേധങ്ങള്‍ക്ക് കത്തിക്കാന്‍ പാകത്തിനുള്ള പതാകകള്‍ എവിടെ നിര്‍മ്മിക്കുന്നുവെന്ന് ആര്‍ക്കും സംശയം തോന്നാം. പ്രതിഷേധങ്ങള്‍ക്കായി പതാക നിര്‍മ്മിക്കുന്ന വലിയ ഫാക്ടറികള്‍ തന്നെ ഇറാനില്‍ പ്രവര്‍ത്തിക്കുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഇക്കഴിഞ്ഞ ആഴ്ചകളില്‍ പ്രതിഷേധങ്ങള്‍ വര്‍ദ്ധിച്ചതോടെ ഫാക്ടറിയില്‍ നിന്നും കത്തിക്കാനായി കൊടികളുടെ വില്‍പ്പന വന്‍തോതില്‍ കൂടുകയും ചെയ്തു. ഫോട്ടോഗ്രാഫര്‍ ഫര്‍ഹാദ് ബാബെയിയ്ക്കാണ് നിര്‍മ്മാണ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്. വിദേശരാജ്യങ്ങളുടെ ആയിരക്കണക്കിന് പതാകകളാണ് വര്‍ഷംതോറും ഇവിടെ നിര്‍മ്മിക്കുന്നത്. യുഎസ്, യുകെ, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ക്ക് എതിരായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന ഇറാനില്‍ ഈ രാജ്യങ്ങളുടെ ദേശീയ പതാക കത്തിക്കുന്നത് പതിവ് കാഴ്ചയാണ്.

പരമോന്നത നേതാവ് അയാത്തൊള്ളാ ഖമനേനിയുടെ ജന്മസ്ഥലമായ ഖമനേനി നഗരത്തിലാണ് പതാക നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇസ്രയേലിന്റെ സ്റ്റാര്‍ ഓഫ് ഡേവിഡ് ഡിസൈനില്‍ ‘ഇസ്രയേലിന് മരണം’ എന്ന് പേര്‍ഷ്യനില്‍ എഴുതിയ പതാകയ്ക്ക് വലിയ തോതില്‍ ആവശ്യക്കാരുണ്ട്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന റാലികള്‍ക്ക് ഇറാന്‍, ഹിസ്ബുള്ള പതാകകള്‍ ഭവനങ്ങള്‍ നല്‍കും.

പുരുഷന്‍മാരും, സ്ത്രീകളും ജോലി ചെയ്യുന്ന ഫാക്ടറിയില്‍ 1.5 മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റ് പതാകയാണ് വര്‍ഷത്തില്‍ പുറത്തിറക്കുന്നത്. കൈകൊണ്ട് നിര്‍മ്മിക്കുന്നവയാണ് ഈ പതാകകള്‍. ഇറാനില്‍ നടക്കുന്ന പ്രതിഷേധ റാലികള്‍ക്കാണ് പ്രധാനമായും പതാകകള്‍ വിറ്റഴിക്കുന്നതെന്ന് ഡിബാ പാര്‍ചെം ഖമനേനി ഫാക്ടറി ഉടമ പറഞ്ഞു. ഉപരോധങ്ങള്‍ മൂലമുള്ള സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലാണ് ഈ പതാക കത്തിച്ചുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്.

Top