അബിഗെലിനെ തട്ടിക്കൊണ്ട് പോയ സംഭവം; അന്വേഷണം എങ്ങുമെത്തിയില്ല, ഇന്നും പരിശോധന തുടരും

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. മൂന്നു ദിവസം പിന്നിട്ടിട്ടും രേഖാ ചിത്രങ്ങളല്ലാതെ പ്രതികളെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പോലും ഇതുവരെ ലഭിച്ചിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍, സഞ്ചരിച്ച വഴി, താമസിപ്പിച്ച വീട്, വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥാപനം എന്നിവ ഇനിയും കണ്ടെത്താനുണ്ട്.

പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് പൊലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചു. അന്വേഷണ പുരോഗതി വിലയിരുത്താന്‍ കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസില്‍ ഡിഐജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ ഇന്നലെ മണിക്കൂറുകള്‍ നീണ്ട യോഗം ചേര്‍ന്നു. പ്രതികള്‍ക്ക് സാമ്പത്തികലാഭമായിരുന്നില്ല പ്രധാന ലക്ഷ്യമെന്ന നിഗമനത്തില്‍ തന്നെയാണ് ഇപ്പോഴും പൊലീസ്. ഇതില്‍ വ്യക്തത വരുത്താന്‍ കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് ഇന്നും പൊലീസ് വിവരങ്ങള്‍ തേടും.

കൊല്ലം ജില്ലാ ആശുപത്രിയില്‍ ഉള്ള അബിഗെലിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. പരിശോധനകളും കൗണ്‍സിലിംഗും കഴിഞ്ഞ ദിവസം തന്നെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ പൊലീസ് മൊഴിയെടുക്കുന്നത് ഉള്‍പ്പെടെ തുടര്‍ന്നതിനാലാണ് ഇന്നലെ ഡിസ്ചാര്‍ജ് ചെയ്യാതിരുന്നത്. കുഞ്ഞ് ആരോഗ്യവതിയാണ്. മാനസിക സമ്മര്‍ദമോ ആഘാതമോ കുഞ്ഞിന് ഇല്ലെന്ന് കൗണ്‍സിലിംഗിന് ശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

Top