രക്തദാഹിയായ മാഗ്സസെയുടെ ‘മുഖം’ അതിനോടാണ് സി.പി.എം മുഖംതിരിച്ചത്

തിനായിരക്കണക്കിന് കമ്യൂണിസ്റ്റുകളെ കൂട്ടക്കൊല ചെയ്യുകയും അവരുടെ വീടുകളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താനും നേതൃത്വം നല്‍കിയ ഒരു രാഷ്ട്രതലവന്റെ പേരാണ്  രമണ്‍ ഡെല്‍ ഫിറോ മാഗ്‌സസെ. ശൈലജ ടീച്ചര്‍ക്ക് നല്‍കാന്‍ ശ്രമിച്ച പുരസ്‌ക്കാരം ഈ കമ്യൂണിസ്റ്റ് വിരുദ്ധന്റെ പേരിലുള്ളതാണ്. റിപ്പബ്ലിക് ഓഫ് ഫിലിപ്പൈന്‍സിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന മാഗ് സസെ 1957-ല്‍ വിമാന അപകടത്തില്‍ മരിക്കും വരെ ആ പദവിയില്‍ തുടരുകയാണുണ്ടായത്.

ഫിലിപ്പൈന്‍സില്‍ ഉയര്‍ന്നുവന്ന കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ ഭയന്ന അമേരിക്ക കടുത്ത അമേരിക്കന്‍ പക്ഷപാതിയായിരുന്ന മാഗ്‌സസെയെ ആയുധമായി ഉപയോഗിച്ചപ്പോള്‍ ആ മണ്ണില്‍ ഒഴുകിയത് ചോരപ്പുഴയാണ്. അക്കാലത്ത് ദേശീയ സുരക്ഷാ സെക്രട്ടറിയായിരുന്നു മാഗ്‌സസെ.

1953 ഫെബ്രുവരി 28-ന് പ്രതിരോധ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു ശേഷമാണ്  ഫിലിപ്പൈന്‍സിന്റെ പ്രസിഡന്റായി അദ്ദേഹം ചുമതലയേറ്റത്. അപ്പോഴും കടുത്ത അമേരിക്കന്‍ വിധേയത്വമാണ് മാഗ്‌സസെ പിന്തുടര്‍ന്നിരുന്നത്. ശീതയുദ്ധകാലത്ത് കമ്മ്യൂണിസത്തിനെതിരെ  ഏറ്റവും ശക്തമായി ഉയര്‍ന്ന മറ്റൊരുശബ്ദവും മാഗ്‌സസെയുടേതായിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യ, ദക്ഷിണേഷ്യ, തെക്കുപടിഞ്ഞാറന്‍ പസഫിക് എന്നിവിടങ്ങളിലെ കമ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങളെ പരാജയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള 1954 ലെ മനില ഉടമ്പടി എന്നറിയപ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യ ഉടമ്പടിക്ക് പിന്നിലും മഗ്‌സസെയുടെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചത്

‘നമ്മുടെ ജീവിതരീതിയ്ക്കും കമ്മ്യൂണിസത്തിനും ഇടയില്‍ സമാധാനത്തിനോ ഒത്തുതീര്‍പ്പിനോ സ്ഥാനമുണ്ടാകില്ലന്നും  അനുരഞ്ജനമില്ലാത്ത സമ്പൂര്‍ണ സംഘര്‍ഷം മാത്രമാണുണ്ടാകുക” എന്നുമാണ് ഈ രാഷ്ട്ര തലവന്‍ പരസ്യമായി തുറന്നടിച്ചിരുന്നത്.  ഇദ്ദേഹത്തിന്റെ മരണശേഷം 1957 മുതലാണ് ഫിലിപ്പൈന്‍ സര്‍ക്കാരിന്റെ അനുമതിയോടെ  ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായുള്ള റോക്ക്‌ഫെല്ലര്‍ ബ്രദേഴ്സ് ഫണ്ടിന്റെ ട്രസ്റ്റികള്‍ മാഗ്‌സസെ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ അഞ്ച് ദശകങ്ങളിലായി ഈ അവാര്‍ഡ് നല്‍കി വരികയാണ്. എല്ലാ വര്‍ഷവും ഫിലിപ്പിന്‍സിന്റെ തലസ്ഥാന നഗരിയായ മനിലയിലാണ് അവാര്‍ഡ്ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മദര്‍ തെരേസ, അരുണ റോയി, സത്യജിത് റെ, എം എസ് സ്വാമിനാഥന്‍, തുടങ്ങിയ നിരവധി പ്രമുഖര്‍ രമണ്‍ മാഗ്‌സെസൈ അവാര്‍ഡ് മുന്‍പ് സ്വീകരിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം അതു സ്വീകരിക്കാമെങ്കില്‍, എന്തുകൊണ്ട് ശൈലജ ടീച്ചര്‍ക്ക് അവാര്‍ഡ് സ്വീകരിച്ചു കൂടാ എന്നു ചോദിക്കുന്നവര്‍ക്ക് മുന്‍പ് സൂചിപ്പിച്ച മാഗ്‌സസെയുടെ ചോര പുരണ്ട ചരിത്രം തന്നെയാണ് മറുപടി.

അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടിയതു പോലെ, ‘രാഷ്ട്രീയ – ചരിത്ര കാരണങ്ങളാല്‍ രമണ്‍ മഗ്‌സസേയുടെ പേരിലുള്ള അവാര്‍ഡ്  അതെത്ര വലിയ തുകയുടെ ആണെങ്കിലും  വേണ്ടന്ന് പറയാന്‍ ഈ ലോകത്ത് വ്യക്തികളോ പ്രസ്ഥാനങ്ങളോ ഉണ്ടെങ്കില്‍ അതീ ലോകത്തെപ്പറ്റിയുള്ള പ്രതീക്ഷ തന്നെയാണ് വര്‍ധിപ്പിക്കുന്നത്.

കമ്യൂണിസ്റ്റുകളുടെയും അവരുടെ കുടുംബത്തിന്റെയും ‘രക്തം കുടിച്ച’ മാഗ് സസേ യുടെ തല ആലേഖനം ചെയ്ത പുരസ്‌ക്കാരം ഒരു കമ്യൂണിസ്റ്റിന്റെ സ്വീകരണമുറിയില്‍ എത്തിക്കാന്‍ ശ്രമിച്ചാല്‍ അതിനു പിന്നിലെ രാഷ്ട്രീയം തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ ശൈലജ ടീച്ചര്‍ക്കും സി.പി.എമ്മിനുമുണ്ട്. ആ ചരിത്ര ബോധമാണ്  അവാര്‍ഡ് നിഷേധിച്ചതിലൂടെ അവര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിനെ പോലെയോ ബി.ജെ.പിയെ പോലെയോ  രാജ്യത്തിനകത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന വീക്ഷണമല്ല കമ്യൂണിസ്റ്റുകളെ നയിക്കുന്നത്. മനുഷ്യര്‍ ഏത് രാജ്യത്താണെങ്കിലും  അവരുടെ കഷ്ടപ്പാടുകളെയും ദുരിതത്തെയും  ഒരു പോലെ കാണുന്ന പ്രത്യയശാസ്ത്രമാണ്  ഇന്ത്യയിലെ കമ്യൂണിസ്റ്റുകളെയും നയിക്കുന്നത്. അതു കൊണ്ടാണ് ഫിലിപ്പീന്‍സില്‍ വീഴ്ത്തിയ രക്തത്തിന് അവാര്‍ഡ് നിരസിച്ചതിലൂടെ സി.പി.എമ്മും ശൈലജ ടീച്ചറും ചുട്ട മറുപടി നല്‍കിയിരിക്കുന്നത്.

കമ്യൂണിസ്റ്റുകളെ വേട്ടയാടാന്‍ നേതൃത്വം നല്‍കിയ മഗ്‌സെസൈയുടെ ചിത്രം ആലേഖനം ചെയ്ത മെഡലും പ്രശസ്തി പത്രവും കമ്യൂണിസ്റ്റുകാരിയായ ശൈലജ ടീച്ചറുടെ വീട്ടില്‍ എത്തണമെന്ന് വാശിപിടിക്കുന്നവരുടെ അജണ്ട വേറെയാണ്. ടീച്ചറോടുള്ള സ്‌നേഹമല്ല ഇടതുപക്ഷത്ത് കുഴപ്പമുണ്ടാക്കാനുള്ള അവസരമായാണ്  അവര്‍ ഈ തീരുമാനത്തെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്. അത് മാധ്യമങ്ങളായാലും ചാനലുകളിലെ നിരീക്ഷകരായാലും  പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരായാലും  ഇവരുടെ എല്ലാം താല്‍പ്പര്യങ്ങള്‍ ഒന്നു തന്നെയാണ്.

ലോകം മുഴുവന്‍ വിലയ്ക്ക് വാങ്ങാനുള്ള പണമുണ്ടാക്കിയാലും ചരിത്രത്തെയും ചരിത്രബോധമുള്ളവരെയും വിലയ്ക്കെടുക്കാന്‍ പറ്റില്ലെന്ന ബോധ്യം  സമൂഹത്തിന് നല്‍കാന്‍ കഴിയുന്നതിനെ പിന്തുണച്ചില്ലങ്കിലും  തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കരുത്. പ്രബുദ്ധരായ ജനതയുള്ള കേരളത്തില്‍ ആ പരിപ്പ് എന്തായാലും വേവുകയില്ല.

കമ്യൂണിസ്റ്റുകളെ സംബന്ധിച്ച്  പാര്‍ട്ടിയാണ് എല്ലാം. അവിടെ വ്യക്തികള്‍ ഒരു ഘടകമേ അല്ല. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നിപ്പയിലും കോവിഡ് പ്രതിരോധത്തിലും നല്ല റിസള്‍ട്ടുകള്‍ ഉണ്ടാക്കാന്‍ കേരളത്തിന് സാധിച്ചിട്ടുള്ളത്. ഇവിടെ ആ കൂട്ടായ്മയെ കണ്ടില്ലന്ന് നടിച്ച്  അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന ശൈലജ ടീച്ചര്‍ക്കു മാത്രമായി ഒരു അവാര്‍ഡ് നല്‍കാന്‍ നീക്കം നടത്തിയതും  ശൈലജ ടീച്ചറോടുള്ള സ്‌നേഹം കൊണ്ടല്ലന്നതും വ്യക്തമാണ്. അവാര്‍ഡ് നല്‍കാന്‍ ശ്രമിച്ചവരും അത് നിരാകരിച്ച നടപടി വിവാദമാക്കുന്നവരും ലക്ഷ്യമിടുന്നത് ഒന്നു തന്നെയാണ് പച്ച മലയാളത്തില്‍ പറഞ്ഞാല്‍  ‘കുത്തിത്തിരുപ്പുണ്ടാക്കുക’ തന്നെയാണ് ലക്ഷ്യം. അങ്ങനെ സംശയിക്കാനും  കാരണങ്ങള്‍ നിരവധിയാണ്.

ശൈലജ ടീച്ചറും അവരുള്‍പ്പെട്ടെ സി.പി.എമ്മും മാഗ് സസെ അവാര്‍ഡിനോട് മുഖം തിരിച്ചതു പോലെ  ഇത്തരം ഒരു അന്തര്‍ദേശീയ ബഹുമതിക്കു മുന്നില്‍  ഇന്ത്യയിലെ എന്നല്ല ലോകത്തെ തന്നെ മറ്റൊരു പാര്‍ട്ടിയും  നേതാക്കളും മുഖം തിരിക്കുകയില്ലന്നതും  നാം തിരിച്ചറിയണം.

പൊതുസേവനം, സാമുദായിക നേതൃത്വം, പത്രപ്രവര്‍ത്തനം, സര്‍ക്കാര്‍ സേവനം, സമാധാനം എന്നിവയ്ക്ക് അന്തര്‍ദേശീയ തലത്തില്‍ നല്‍കുന്ന വലിയ അവാര്‍ഡാണ് മാഗ്‌സസെ അവാര്‍ഡ്. ഫിലിപ്പീന്‍സ് മുന്‍ പ്രസിഡണ്ട് രമണ്‍ മാഗ്സസെയുടെ ഓര്‍മ്മയ്ക്കായുള്ള ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ ഈ സമ്മാനത്തെ  ”ഏഷ്യയിലെ നോബല്‍” ആയാണ് പാശ്ചാത്യ മാധ്യമങ്ങളും വിലയിരുത്തുന്നത്. ഈ അവാര്‍ഡ് ലഭിക്കുന്നത് ‘മഹാ സംഭവമായി’ കരുതുന്നവരാണ് നമ്മുടെ നാട്ടിലെ ബൂര്‍ഷ്വാ രാഷ്ട്രീയ നേതൃത്വങ്ങള്‍. അക്കാര്യത്തില്‍ ആര്‍ക്കും തന്നെ  മറിച്ചൊരു അഭിപ്രായം ഉണ്ടാകുകയില്ല.

ഏത് പുരസ്‌ക്കാരമാണെങ്കിലും  അത് ആരുടെ പേരിലാണോ, ആ വ്യക്തിയുടെ ചരിത്രം എന്താണ് എന്നൊന്നും പരിശോധിക്കാതെ  ലഭിക്കുന്ന പബ്ലിസിറ്റിയിലും തൃകയിലും മാത്രമാണ് ഇക്കൂട്ടര്‍ ശ്രദ്ധ പതിപ്പിക്കാറുള്ളത്. മാഗ്‌സസെ അവാര്‍ഡിനു മുന്നില്‍ ‘റെഡ് സിഗ്‌നല്‍’ ഉയര്‍ത്തിയതോടെ അവാര്‍ഡ് സംബന്ധമായ പരമ്പരാഗതമായ രീതി കൂടിയാണ് കമ്യൂണിസ്റ്റുകള്‍ ഇവിടെ പൊളിച്ചടുക്കിയിരിക്കുന്നത്. അതെന്തായാലും ഈ ഘട്ടത്തില്‍ പറയാതെ വയ്യ


EXPRESS KERALA VIEW

Top