പെട്രോളിന്റെ രൂപം ഇനിയും മാറും, സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ച് ഇന്ത്യ

ആഗോളവത്കരണ നിയന്ത്രണത്തോടൊപ്പം എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിന്‍റെ ഭാഗമായി അടുത്ത വർഷം ഏപ്രിൽ മുതൽ രാജ്യത്തെ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ 20 ശതമാനം എത്തനോൾ കലർത്തിയ പെട്രോളായിരിക്കും വിതരണം ചെയ്യുക. അതിനുശേഷം ക്രമേണ വിതരണം വർധിപ്പിക്കാനും സർക്കാറിന് പദ്ധതിയുണ്ട്. ഈ വർഷം ജൂണിൽ 10 ശതമാനം എത്തനോൾ കലർത്തിയ പെട്രോൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിൽ ഇന്ത്യ എത്തിയിരുന്നു. നിശ്ചിത സമയപരിധിക്ക് മുന്നെ തന്നെ ഈ നേട്ടം രാജ്യം സ്വന്തമാക്കിയതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

10 ശതമാനം എത്തനോൾ മിശ്രിതം എന്ന ലക്ഷ്യം നേടിയ ശേഷം, രാജ്യം ഇപ്പോൾ പെട്രോളിൽ 20 ശതമാനം എത്തനോൾ കലർത്തുക എന്ന ലക്ഷ്യം 2025-ലേക്ക് ഉയർത്തി. 2025 ഓടെ എത്തനോൾ പെട്രോള്‍ ഉപയോഗത്തിന്‍റെ അഞ്ചിലൊന്ന് നികത്തുമെന്ന് കേന്ദ്ര മന്ത്രി ഹർദീപ് പുരി പറഞ്ഞു. “20 ശതമാനം എത്തനോൾ കലർത്തിയ പെട്രോൾ – കുറച്ച് അളവിൽ 2023 ഏപ്രിൽ മുതൽ ലഭ്യമാകും, ബാക്കിയുള്ളവ 2025 ഓടെ പൂര്‍ണമാകും..” അദ്ദേഹം പിടിഐയോട് പറഞ്ഞു.

പെട്രോളിൽ 10 ശതമാനം എത്തനോൾ കലർത്തുന്നതിലൂടെ, രാജ്യത്തിന് 41,500 കോടി രൂപയുടെ വിദേശനാണ്യ വിനിമയം ലാഭിക്കാനും 27 ലക്ഷം ടൺ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കാനും കർഷകർക്ക് 40,600 കോടി രൂപ വേഗത്തിൽ നൽകാനും കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ശതമാനം എത്തനോൾ കലർന്ന പെട്രോളിന്റെ വിതരണം പ്രതിവർഷം നാല് ബില്യൺ ഡോളർ ലാഭിക്കുമെന്ന് കണക്കാക്കുന്നു.

അടുത്തിടെ ലോക ജൈവ ഇന്ധന ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ പാനിപ്പത്തിൽ രണ്ടാം തലമുറ എത്തനോൾ പ്ലാന്റ് രാജ്യത്തിന് സമർപ്പിച്ചിരുന്നു. രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ ഉൽപ്പാദനവും ഉപയോഗവും വർധിപ്പിക്കുന്നതിന് വർഷങ്ങളായി സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ‌ഒ‌സി) 900 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പ്രതിവർഷം രണ്ട് ലക്ഷം ടൺ വൈക്കോൽ ഏകദേശം മൂന്ന് കോടി ലിറ്റർ എത്തനോളാക്കി മാറ്റാനുള്ള ശേഷിയും ഉണ്ട്.

പ്രതിവർഷം ഏകദേശം മൂന്ന് ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡിന് തുല്യമായ ഉദ്‌വമനത്തിന് തുല്യമായ ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കുന്നതിന് പദ്ധതി സംഭാവന ചെയ്യും. രാജ്യത്തെ റോഡുകളിൽ പ്രതിവർഷം 63,000 കാറുകൾ മാറ്റിസ്ഥാപിക്കുന്നതിന് തുല്യമാണ് ഇതെന്നാണ് കണക്കുകള്‍.

Top