വാക്സീനുകളുടെ ഗുണവിലവാരമല്ല ആഴത്തിലേറ്റ മുറിവാണ് മരണ കാരണമെന്ന് വിദഗ്ദ്ധ സമിതി

തിരുവനന്തപുരം : പേവിഷ വാക്സീനുകൾ ഗുണവിലവാരമുളളതെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട്. വാക്സീനുകളുടെ ഗുണനിലവാരത്തെ കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം സർക്കാർ തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വാക്സീനെടുത്ത ശേഷവും പേവിഷബാധ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്, സംസ്ഥാനത്ത് വലിയ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, ജനുവരി മുതൽ സെപ്റ്റംബർ വരെ നടന്ന 21 മരണങ്ങളിൽ സർക്കാർ നിയോഗിച്ച സമിതി അന്വേഷണം നടത്തിയത്. 15 പേരാണ് പേവിഷബാധ കുത്തിവെപ്പ് എടുക്കാതെ മരിച്ചത്. കുത്തിവെപ്പ് എടുത്ത ശേഷവും ആറ് പേർ മരണത്തിന് കീഴടങ്ങി.

വാക്സിനുകൾ ഗുണനിലവാരമുള്ളവയായിരുന്നു. എന്നാൽ മരണകാരണമായത് ആഴത്തിൽ കടിയേറ്റതും തലച്ചോറിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഗുരുതര കടിയേറ്റതുമാണെന്നാണ് വിലയിരുത്തൽ.

Top