പ്രവാസികള്‍ക്ക് ചുമത്തിയിട്ടുള്ള ലെവി ഒഴിവാക്കിയിട്ടില്ലെന്ന് സൗദി

റിയാദ്: പ്രവാസികള്‍ക്ക് ചുമത്തിയിട്ടുള്ള ലെവി ഒഴിവാക്കിയിട്ടില്ലെന്ന് സൗദി. വിദേശികള്‍ക്കു ചുമത്തിയിട്ടുള്ള ലെവി ഒഴിവാക്കിയിട്ടില്ലെന്നും മറിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സൗദി തൊഴില്‍, സാമൂഹിക മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലാ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കണമെന്ന് മന്ത്രാലയം തന്നെ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണു സൗദി തൊഴില്‍, സാമൂഹിക മന്ത്രാലയം വിശദീകരണം നല്‍കിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചതുപോലെ അടുത്ത വര്‍ഷം മുതല്‍ ലെവി മാസം 600 റിയാല്‍ ( 1154 രൂപ) ആയിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ലെവി വര്‍ധന പിന്‍വലിക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം ശുപാര്‍ശ സമര്‍പ്പിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം 2400 റിയാല്‍(44216 രൂപ) ആയിരുന്ന ലെവി ഈ വര്‍ഷം 4800 (88433 രൂപ) റിയാലായി ഉയര്‍ത്തിയിരുന്നു. അടുത്ത വര്‍ഷം ഇത് 7200 (132650 രൂപ) റിയാലായി ഉയരും. ഇതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 2020 ആകുന്നതോടെ ലെവി വര്‍ഷം 9600 (176866) റിയാലായി ഉയര്‍ത്തുമെന്നാണ് തൊഴില്‍ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, സ്വദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാര്‍ക്ക് മാസം 300 (5527 രൂപ) റിയാലാണ് ഈ വര്‍ഷം ലെവി ഈടാക്കുന്നത്. സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനും, സ്വകാര്യ മേഖലയില്‍ വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമാണ് 2017 മുതല്‍ രാജ്യത്ത് ലെവി ബാധകമാക്കിയത്. വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി തൊഴിലുടമകളാണ് അടയ്‌ക്കേണ്ടതെന്നും തൊഴില്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Top