പാലക്കാട്: കോണ്‍ഗ്രസ് വിമത നേതാവ് എ വി ഗോപിനാഥ് നവ കേരള സദസ്സിന്റെ പ്രഭാത ഭക്ഷണ യോഗത്തില്‍ പങ്കെടുക്കാനെത്തി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന് ഒപ്പമാണ് എ വി ഗോപിനാഥ് എത്തിയത്. പാലക്കാട് വികസന കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനാണ് പരിപാടിക്ക് എത്തിയതെന്ന് എ വി ഗോപിനാഥ് വ്യക്തമാക്കി.
പരിപാടിക്ക് എത്തിയതിന് പ്രത്യേക രാഷ്ട്രീയ അനുമാനം നല്‍കേണ്ട കാര്യമില്ല. തന്റെ രാഷ്ട്രീയ തീരുമാനങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ വ്യക്തമാകും. കോണ്‍ഗ്രസുകാരനായാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. സി പി എമ്മിനൊപ്പം ഇനിയുണ്ടാകുമോയെന്ന് പറയാനാകില്ല. സി പി എം ജില്ലാ സെക്രട്ടറി അങ്ങനെ ആരെയും വണ്ടിയില്‍ കയറ്റില്ലല്ലോയെന്ന് അദ്ദേഹം പ്രതികരിച്ചു. വികസനത്തിനൊപ്പമാണ് താന്‍ നില്‍ക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നാട്ടിലെത്തുമ്പോള്‍ വികസന കാര്യം ചര്‍ച്ച ചെയ്യാനുള്ള അവസരം വിനിയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.