യൂറോപ്യന്‍ യൂനിയന്‍ പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിക്കണം; ആവശ്യവുമായി സ്പെയിന്‍

ലസ്തീന്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സ്പെയിന്‍. ബാഴ്സലോണ നഗരസഭാ ഭരണകൂടം ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിച്ചതിനു പിന്നാലെയാണ് നടപടി. യൂറോപ്യന്‍ യൂനിയന്‍ പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് സ്പെയിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ സ്വന്തം നിലയ്ക്കു വേണ്ട നടപടികളുമായി മുന്നോട്ടുപോകുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് യൂറോപ്യന്‍ യൂനിയനും അംഗരാജ്യങ്ങളും പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കേണ്ട സമയമാണിതെന്ന് സാഞ്ചെസ് ഈജിപ്തിലെ റഫാ അതിര്‍ത്തിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. അംഗരാജ്യങ്ങളുടെയെല്ലാം പിന്തുണയോടെ ഒട്ടും ആലോചിക്കാതെ, എത്രയും വേഗം ഈ അംഗീകാരം വരണം. അതുണ്ടായില്ലെങ്കില്‍ സ്പെയിന്‍ സ്വന്തം നിലയ്ക്കു തീരുമാനം കൈക്കൊണ്ടുമുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസ്സയില്‍ യുദ്ധക്കെടുതി അനുഭവിക്കുന്ന പലസ്തീനികള്‍ക്കു കൂടുതല്‍ മാനുഷികസഹായം എത്തിക്കുമെന്നും സാഞ്ചെസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈജിപ്ത് വഴിയാണു സഹായം എത്തിക്കുന്നത്. ഫലസ്തീനു വേണ്ട മിക്ക സഹായങ്ങളും തങ്ങള്‍ എത്തിക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി അറിയിച്ചു. അന്താരാഷ്ട്രസമൂഹം കൂടുതല്‍ സഹായവാഗ്ദാനങ്ങളുമായി രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top