ഫുട്‌ബോളിലെ വമ്പന്‍ താരകൈമാറ്റങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി സാക്ഷിയായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

 

 

 

മില്യണുകള്‍ പൊടിയുന്ന താരവിപണിയില്‍ കഴിഞ്ഞ ദിവസം മുന്‍ നിര ടീമുകള്‍ പൂര്‍ത്തിയാക്കിയത് രണ്ടു വമ്പന്‍ താര കൈമാറ്റങ്ങള്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചെല്‍സി താരം കെയ് ഹാവെര്‍ട്‌സിന്റെ ആഴ്‌സനലിലേക്കുള്ള നീക്കമാണ്. 24 വയസ്സ് മാത്രം പ്രായമുള്ള താരത്തെ ആഴ്സണല്‍ സ്വന്തമാക്കിയത് 65 മില്യണ്‍ യൂറോക്ക്.

ഈ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ആഴ്‌സനലിലേക്ക് എത്തുന്ന ആദ്യ താരമാണ് ഹാവേര്‍ട്‌സ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും ചാമ്പ്യന്‍ഷിപ്പിലേക്ക് തരം താഴ്ത്തപ്പെട്ട ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് 40 മില്യണ്‍ യൂറോക്ക് ജെയിംസ് മാഡിസണെ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ സ്വന്തമാക്കിയിട്ടുണ്ട്. ടോട്ടന്‍ഹാമിന്റെ ഈ സീസണിലെ മൂന്നാമത്തെ സൈനിങ്ങാണ് മാഡിസണിന്റേത്.

കഴിഞ്ഞ സീസണില്‍ കൈവിട്ട ലീഗ് കിരീടം ഇത്തവണ നേടാനുറച്ച് തന്നെയാണ് ആഴ്സണല്‍ ഇത്തവണ കളിക്കളത്തിലേക്കിറങ്ങുക. ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഡിഫെന്‍സിവ് മിഡ്ഫീല്‍ഡറായി വിലയിരുത്തപ്പെടുന്ന ആസ്റ്റണ്‍ വില്ലയുടെ ഡെക്ലന്‍ റൈസിനാണ് പീരങ്കിപ്പട രംഗത്തുണ്ട്. കഴിഞ്ഞ ദിവസം താരത്തിനായി ആഴ്സണല്‍ മുന്നോട്ട് വെച്ച 105 മില്യണ്‍ യൂറോയുടെ ബിഡ് ആസ്റ്റണ്‍ വില്ല അംഗീകരിച്ചിരുന്നു. അയാക്‌സിന്റെ പ്രതിരോധ താരം ജൂലിയന്‍ ടിംബറിനെയും ക്ലബ്ബിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.

 

കഴിഞ്ഞ സീസണില്‍ മോശം പ്രകടനത്തിലൂടെ കടന്നുപോയ ടീമാണ് ടോട്ടന്‍ഹാം. ലോകോത്തര പരിശീലകന്‍ അന്റോണിയോ കോന്റെയുടെ കീഴില്‍ ആരാധകര്‍ പ്രതീക്ഷിച്ച പ്രകടനമായിരുന്നില്ല ടീമിന്റേത്. തുടര്‍ന്ന്, ക്ലബ് പരിശീലകനെ പുറത്താക്കി. അടുത്ത സീസോണിലേക്കായി, സ്‌കോട്‌ലന്‍ഡ് ലീഗില്‍ സെല്‍റ്റിക്കിനെ രണ്ടു വര്‍ഷം തുടര്‍ച്ചയായി ലീഗ് ജേതാക്കളാക്കിയ ആംഗെ പോസ്റ്റെക്കോഗ്ലുവിനെ ടീം തട്ടകത്തില്‍ എത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ യുവന്റസില്‍ നിന്നും വായ്പാടിസ്ഥാനത്തില്‍ എത്തിയ ഡിജെന്‍ കുലുവെസ്‌കിക്ക് പുതിയ കരാര്‍ നല്കാന്‍ ക്ലബിന് സാധിച്ചു. കൂടാതെ, പ്രായം ബാധിക്കുന്ന ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറീസിന് കൂട്ടായി ഇറ്റാലിയന്‍ ക്ലബ് എംപോളിയില്‍ നിന്നും ഗുലൈല്‍മോ വിക്കാറിയോയെ സൈന്‍ ചെയ്തു.

 

 

Top