വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയുടെ തീയതികള്‍ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയുടെ തീയതികള്‍ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. ജൂലൈ എട്ട് മുതല്‍ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കാണാന്‍ കാണികള്‍ ആരും തന്നെ ഉണ്ടാവില്ല. ജൂലൈ എട്ടിന് സതാംപ്ടണിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുക. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ 16നും 24നും മാഞ്ചസ്റ്ററില്‍ നടക്കും.

ഈ മാസം ഒമ്പതിന് ഇംഗ്ലണ്ടിലെത്തുന്ന വെസ്റ്റ് ഇന്‍ഡീസ് ടീം അംഗങ്ങള്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തിയാക്കിയശേഷം പരിശീലനത്തിന് ഇറങ്ങും. മൂന്നാഴ്ചയോളം ഓള്‍ ട്രാഫോര്‍ഡിലാണ് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളെ താമസിപ്പിക്കുക. ഇവിടെതന്നെ പരിശീലനത്തിനും സൗകര്യമൊരുക്കും. എഡ്ജ്ബാസ്റ്റണിലായിരിക്കും അടുത്തമാസം ടീം പരിശീലനത്തിനിറങ്ങുക.

ജൈവസുരക്ഷ, മെഡിക്കല്‍ സ്‌ക്രീനിംഗ്, ടെസ്റ്റിംഗ്, സാമൂഹിക അകലം പാലിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് ഈ രണ്ട് വേദികള്‍ പരമ്പരക്കായി തെരഞ്ഞെടുത്തതെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍(ഇവന്റ്‌സ്) സ്റ്റീവ് എല്‍വര്‍ത്തി പറഞ്ഞു. പരമ്പരക്കായി ഇംഗ്ലണ്ടിലെത്താന്‍ തയാറായ വെസ്റ്റ് ഇന്‍ഡീസ് ടീമിനോട് ക്രിക്കറ്റ് ബോര്‍ഡിനോടും നന്ദിയറിയിക്കുന്നുവെന്നും എല്‍വര്‍ത്തി പറഞ്ഞു.

Top