കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ ഭാസുരാംഗനെയും മകനെയും ഇഡി ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനെയും മകന്‍ അഖില്‍ജിത്തിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ഇ ഡി കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. വെള്ളിയാഴ്ച ഉച്ചവരെയാണ് കസ്റ്റഡി കാലാവധി.

കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് ഇരുവരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നുമായിരുന്നു ഇ ഡി കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രതികള്‍ ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. ഭാസുരാംഗന്‍ ഭരണകക്ഷിയില്‍ സ്വാധീനമുള്ള നേതാവാണ്. പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ കസ്റ്റഡി അനിവാര്യമാണെന്നായിരുന്നു ഇഡി ആവശ്യം. കസ്റ്റഡി അപേക്ഷയെ എതിര്‍ക്കുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

തട്ടിപ്പിന് മറ്റു കൂട്ടാളികള്‍ ഉണ്ടോ എന്നും പാര്‍ട്ടിയിലെ മറ്റു ഉന്നതരുടെ പങ്ക് തട്ടിപ്പില്‍ ഉണ്ടോ എന്നും ഇ ഡി അന്വേഷിച്ചുവരികയാണ്. കരുവന്നൂര്‍ മാതൃകയിലാണ് കണ്ടല സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയത് എന്ന് ഇ ഡി അറിയിച്ചിരുന്നു. ക്രമരഹിതമായി വായ്പകള്‍ നല്‍കിയാണ് ഭാസുരാംഗന്‍ തട്ടിപ്പ് നടത്തിയത്. നിക്ഷേപങ്ങള്‍ വഴി തിരിച്ചുവിട്ട് ഭാസുരാംഗന്റെയും മകന്റെയും പേരില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.

 

Top