സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി പാക്ക്‌ ചാരസംഘടനാ മേധാവിയുടെ ഭൂചലന മുന്നറിയിപ്പ്

earthquake

ഇസ്ലാമാബാദ്‌: ഭൗമനിരീക്ഷണത്തിലൂടെ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് പാക്ക്‌ ചാരസംഘടനയായ ഐ.എസ്.ഐ.

ഭൂമികുലുക്കങ്ങളെ നേരിടാനും രക്ഷാപ്രവര്‍ത്തനം നടത്തുവാനും ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനുമായി പാക്കിസ്ഥാന്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ഇ.ആര്‍.ആര്‍.എ (Earthquake Recontsruction And Rehabilitation Authortiy).

ഈ പാക്ക്‌ സര്‍ക്കാര്‍ സ്ഥാപനം നല്‍കിയ ഒരു ഭൂചലന മുന്നറിയിപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ചാരസംഘടനയായ ഐ.എസ്.ഐയുടെ ഡയറക്ടര്‍ ജനറല്‍ നല്‍കിയ വിവരമനുസരിച്ച്, സമീപഭാവിയില്‍ തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വലിയൊരു ഭൂകമ്പമുണ്ടാകുമെന്ന് ഇ.ആര്‍.ആര്‍.എ പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു.

ഏഷ്യ ഉപഭൂഖണ്ഡത്തെ കാര്യമായി ബാധിക്കുന്ന ഭൂചലനം പാക്കിസ്ഥാനിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഭൂകമ്പത്തെ നേരിടാനായി എല്ലാ തയ്യാറെടുപ്പുകളും നടത്തണമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചാരസംഘടനയുടെ മേധാവി ഭൂചലനം പ്രഖ്യാപിച്ച കഥ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

അമേരിക്കയിലെ മുന്‍ പാക്കിസ്ഥാന്‍ അംബാസിഡര്‍ ഹുസൈന്‍ ഹഖ്വാനി അടക്കമുള്ളവര്‍ ഇതിനെ പരിഹസിച്ചും രംഗത്തെത്തി.

” ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂകമ്പമുണ്ടാകും എന്ന് ഐ.എസ്.ഐ പ്രവചിച്ചത്രേ…. ഭൂസര്‍വ്വേയും ഭൂമികുലുക്കം പ്രവചിക്കുന്നതുമെല്ലാം ഐഎസ്‌ഐ ഏറ്റെടുത്തുവോ എന്നത് അറിയില്ല…..” ഐഎസ്‌ഐയുടെ മുന്നറിയിപ്പിനെ പരിഹസിച്ചു കൊണ്ട് ഹുസൈന്‍ ഹഖ്വാനി ട്വിറ്ററില്‍ കുറിച്ചു.

Top