‘കോബ്ര’യുടെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും മൂന്ന് സെക്കന്റും

വിക്രം നായകനാകുന്ന പുതിയ സിനിമയാണ് ‘കോബ്ര’. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തുവന്ന ട്രെയിലര്‍ ശ്രദ്ധ നേടിയിരുന്നു. ‘കോബ്ര’ എന്ന ചിത്രത്തിന്റെ സെൻസര്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും മൂന്ന് സെക്കൻഡുമാണ് എന്ന് സെവൻ സ്‍ക്രീൻ സ്റ്റുഡിയോയുടെ ട്വീറ്റില്‍ പറയുന്നു. ഹരീഷ് കണ്ണന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്.

കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ ‘കദരം കൊണ്ടാന്‍’ ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. അതിനാല്‍ തന്നെ ‘കോബ്ര’ എന്ന ചിത്രത്തില്‍ വിക്രമിന് വലിയ പ്രതീക്ഷകളാണ് ഉള്ളത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ‘കോബ്ര’. വിക്രം ഏഴ് വ്യത്യസ്‍ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവിന് പുറമേ മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ പുറത്തെത്തിയ ടീസറും ആരാധകപ്രീതി നേടിയിരുന്നു. ‘ഇമൈക നൊടികൾ’, ‘ഡിമോണ്ടെ കോളനി’ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അജയ് ജ്ഞാനമുത്തു.

Top