ഒരു മാസത്തിനിടെ ദുബൈ എക്‌സ്‌പോയിലെത്തിയത് 23.5 ലക്ഷം സന്ദര്‍ശകര്‍

ദുബൈ: എക്സ്പോ 2020 ദുബൈ ഒരു മാസം പിന്നിടുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണം 23.5 ലക്ഷം ആയി. എക്സ്പോ സംഘാടകര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെയുള്ള കാലയളവില്‍ 2,350,868 പേര്‍ എക്സ്പോ നഗരി സന്ദര്‍ശിച്ചതായാണ് കണക്കുകള്‍.

സന്ദര്‍ശകരില്‍ 17 ശതമാനം പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. 18 വയസ്സില്‍ താഴെയുള്ളവരായിരുന്നു 28 ശതമാനവും. എക്സ്പോ സ്‌കൂള്‍ പ്രോഗ്രാം സജീവമാകുന്നതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം വരും ദിവസങ്ങളില്‍ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. ഇന്ത്യ, ജര്‍മ്മനി, ഫ്രാന്‍സ്, സൗദി അറേബ്യ,യുകെ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായും സന്ദര്‍ശകരെത്തിയത്. നിരവധി പേര്‍ എക്സ്പോ നഗരി ഒന്നിലേറെ തവണ സന്ദര്‍ശിച്ചു.

സീസണ്‍ പാസ് സ്വന്തമാക്കിയവരാണ് 53 ശതമാനം പേരും. 20 ശതമാനമാണ് വണ്‍ ഡേ ടിക്കറ്റില്‍ എക്സ്പോയിലെത്തിയത്. 27 ശതമാനം പേര്‍ ഒന്നിലേറെ തവണ എക്സ്പോ സന്ദര്‍ശിച്ചു. 1,938 സര്‍ക്കാര്‍ പ്രതിനിധികള്‍ എക്സ്പോയിലെത്തി.

പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍, മറ്റ് മന്ത്രിമാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, സംസ്ഥാനങ്ങളുടെ തലവന്‍മാര്‍ എന്നിവരുള്‍പ്പെടെയാണിത്. യുഎഇ ദേശീയ ദിനവും അവധി ദിവസങ്ങളും കൂടി എത്തുന്നതോടെ സന്ദര്‍ശകരുടെ എണ്ണം കുത്തനെ ഉയരും.

 

Top