സീറോ ടോളറന്‍സ്; ഇരയായവരില്‍ ഇന്ത്യന്‍ യുവതിയും മകനുമുണ്ടെന്ന്!

വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ ‘സീറോ ടോളറന്‍സ്’ നിലപാടിന്റെ ഇരയായവരില്‍ ഇന്ത്യന്‍ യുവതിയും മകനും.

മെക്‌സിക്കോയില്‍ നിന്നും അമേരിക്കയില്‍ അഭയം തേടുകയും അനധികൃതമായി അതിര്‍ത്തി കടക്കുകയും ചെയ്ത ഇന്ത്യന്‍ യുവതിയെയും അഞ്ചുവയസുള്ള ഭിന്നശേഷിക്കാരനായ മകനെയുമാണ് അധികൃതര്‍ വേര്‍പിരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

നിലവില്‍ 2000 ത്തോളം കുട്ടികളെ ഇങ്ങനെ രക്ഷിതാക്കളില്‍ നിന്ന് വേര്‍പിരിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ നടപടി രാജ്യവ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിരുന്നു.

നിയമനടപടിക്കായി കോടതിയില്‍ ഹാജരാക്കിയ ഭാവന്‍ പട്ടേല്‍ എന്ന 33കാരിക്ക് 30,000 ഡോളറിന്റെ ബോണ്ട് അരിസോന്ന കോടതി അനുവദിച്ചു. എന്നാല്‍ കുഞ്ഞുമായി ഒന്നിക്കാന്‍ സാധിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കുട്ടികളെ വേര്‍പിരിച്ചതില്‍ പ്രതിഷേധം വ്യാപകമായതോടെ ഇനി രക്ഷിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റരുതെന്ന് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ട്രംപ് പുറപ്പെടുവിച്ചിരുന്നു.

Top