ചോക്‌സിയെ ഇന്ത്യയിലേക്ക് അയക്കണം ഡൊമിനിക്കന്‍ സര്‍ക്കാര്‍

MEHUL-CHOKSI

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ്പാത്തട്ടിപ്പു നടത്തി രാജ്യം വിട്ട ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ഡൊമിനിക്കന്‍ സര്‍ക്കാര്‍ കോടതിയില്‍. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 14000 കോടി രൂപയുടെ തട്ടിപ്പാണ് ചോക്‌സി നടത്തിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.

കഴിഞ്ഞയാഴ്ചയാണ് ചോക്‌സി ഡൊമിനിക്കയില്‍ പിടിയിലാവുന്നത്. ഇന്ത്യക്ക് കൈമാറുന്നതില്‍നിന്ന് രക്ഷപ്പെടാന്‍ ആന്റിഗ്വയില്‍നിന്ന് ക്യൂബയിലേക്ക് കടക്കുന്നതിനിടെ പിടിയിലായത്. ചോക്‌സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അംഗങ്ങള്‍ ഉള്‍പ്പെട്ട എട്ടംഗ സംഘം ഡൊമിനിക്കയിലുണ്ട്. ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെയും ഡൊമിനിക്കയിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ ഭരണഘടനയുടെ ഒമ്പതാം അനുച്ഛേദം ചൂണ്ടിക്കാണിച്ചാണ് ചോക്‌സിയുടെ അഭിഭാഷകരുടെ പ്രതിരോധം. ഒരു പൗരന്‍ എന്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കിലും വിദേശരാജ്യത്തിന്റെ പൗരത്വത്തിനായി അപേക്ഷിക്കുന്ന പക്ഷം അയാളുടെ ഇന്ത്യന്‍ പൗരത്വം റദ്ദാകുമെന്നാണ് ഒന്‍പതാം അനുച്ഛേദം പറയുന്നത്. എത്രയും പെട്ടെന്ന് ചോക്‌സിയെ വിട്ടുകിട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുകയാണ്.

Top