സിപിഐഎമ്മിന്റെ രേഖകള്‍ വെളിച്ചം കണ്ടില്ല; മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ച് മാത്യു കുഴല്‍നാടന്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ തന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകള്‍ രണ്ടുദിവസമായിട്ടും വെളിച്ചം കാണാത്ത നിലയ്ക്ക് തന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണും എന്നാണ് മാത്യു കുഴല്‍നാടന്‍ അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് മാത്യു കുഴല്‍നാടന്‍ വിവരം അറിയിച്ചത്.

സിപിഐഎം നിശബ്ദമായതിനാല്‍ തന്റെ വാദങ്ങള്‍ ശരിയെന്ന് തെളിഞ്ഞുവെന്ന വിലയിരുത്തലാണ് മാത്യുവിന്. അതുകൊണ്ട് തന്നെ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എവിടെ വച്ച്, എപ്പോള്‍ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തിന് ആനുപാതികമായി ഐജിഎസ്ടി അടിച്ചിട്ടില്ലെന്ന ആരോപണത്തിലുറച്ച് നില്‍ക്കുകയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

അതേസമയം, ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന എകെ ബാലന്റെ വെല്ലുവിളി അദ്ദേഹം തള്ളിയിരുന്നു. എകെ ബാലന്‍ മുതിര്‍ന്ന നേതാവാണ്. ഞാന്‍ ചെറിയ ആളാണ്. പൊതു പ്രവര്‍ത്തനം അവസാനിക്കാന്‍ പറയുന്നത് കടന്ന കൈയാണ്. വീണ ഐജിഎസ്ടി അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യം. അടച്ചെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയുമെന്നും ആയിരുന്നു മാത്യു പറഞ്ഞത്.

Top