900 ഓളം അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍

ബെംഗളൂരു: മൂന്ന് വര്‍ഷത്തിനിടെ 900 ഓളം അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. ബെംഗളൂരു പൊലീസാണ് ഡോക്ടറെയും ലാബ് ടെക്‌നീഷ്യനെയും അറസ്റ്റ് ചെയ്തത്. ഓരോ ഗര്‍ഭഛിദ്രത്തിനും 30,000 രൂപ വീതമാണ് ഇവര്‍ ഈടാക്കിയിരുന്നത്. കേസില്‍ രണ്ടുപേരെ ഈ മാസം കസ്റ്റഡിയിലെടുത്തിരുന്നു. മാണ്ഡ്യയിലെ ഒരു അള്‍ട്രാസൗണ്ട് സ്‌കാന്‍ സെന്ററിന്റെ മറവിലായിരുന്നു റാക്കറ്റിന്റെ പ്രവര്‍ത്തനം. സാധുവായ അംഗീകാരമോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ലാതെയാണ് കേന്ദ്രം അനധികൃതമായി പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് പൊലീസ് സംഘം മെഷീന്‍ പിടിച്ചെടുത്തു. തുടര്‍ അന്വേഷണത്തിലാണ് മൈസൂരു നഗരത്തിലെ ഒരു ആശുപത്രിയുടെ പങ്ക് പൊലീസ് കണ്ടെത്തുന്നത്.

ആശുപത്രി മാനേജര്‍ മീന, റിസപ്ഷനിസ്റ്റ് റിസ്മ ഖാന്‍ എന്നിവരെ ഈ മാസം കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഡോക്ടറെയും ലാബ് ടെക്‌നീഷ്യനെയും പിടികൂടുന്നത്. 900 ഓളം അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ കുറ്റാരോപിതനായ ഡോക്ടര്‍ തന്റെ കൂട്ടാളികളുമായി ചേര്‍ന്ന് നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഓരോ ഗര്‍ഭഛിദ്രത്തിനും 30,000 രൂപയാണ് ഈടാക്കുന്നത്. റാക്കറ്റുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസമാണ് ലിംഗനിര്‍ണ്ണയം-പെണ്‍-ഭ്രൂണഹത്യ റാക്കറ്റിനെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരം ലഭിക്കുന്നത്. മൈസൂരുവിനടുത്തുള്ള മാണ്ഡ്യയില്‍ സ്ത്രീയെ ഗര്‍ഭച്ഛിദ്രത്തിനായി കാറില്‍ കൊണ്ടുപോകുന്നതിനിടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

Top