ഡോക്ടര്‍ എത്തിയില്ല, വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു

പാനൂര്‍: പാനൂരില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. പൊലീസ് സ്റ്റേഷന് സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുട്ടിമരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

സമീറയ്ക്ക് പ്രസവ തിയതി അടുത്തിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സമീപത്തുള്ള പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ ചെന്ന് ഡോക്ടറോട് സഹായം ആവശ്യപ്പെട്ടു. വീട്ടിലേക്ക് വരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ ഡോക്ടറും നഴ്സും വരാന്‍ കൂട്ടാക്കിയില്ല. കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ വീട്ടില്‍ വരാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍ അറിയിച്ചത്.

ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിന്റെ സഹായം തേടിയെങ്കിലും ഡോക്ടര്‍ വരാന്‍ കൂട്ടാക്കിയില്ല. ഇതിനിടയില്‍ പ്രസവം നടക്കുകയും കുഞ്ഞ് മരിച്ചു പോവുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട ആരോഗ്യമന്ത്രി നഴ്സിനെയും ഡോക്ടറെയും സ്ഥലം മാറ്റികൊണ്ട് ഉത്തരവിട്ടു. സംഭവം വേദനാജനകമാണെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

Top