മറ്റപ്പള്ളിയിലെ മണ്ണെടുപ്പിനെ കുറിച്ചുള്ള ജില്ലാകളക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും

ആലപ്പുഴ: നൂറനാട് മറ്റപ്പള്ളിയിലെ മണ്ണെടുപ്പിനെ കുറിച്ചുള്ള ജില്ലാകളക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. മണ്ണെടുപ്പ് വിവാദമായതോടെ കളക്ടര്‍ ജോണ്‍ വി സാമുവലിനോട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മന്ത്രി പി പ്രസാദ് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു.

മണ്ണെടുപ്പിനെതിരെ സമരം ചെയ്തവരെയും ജനപ്രതിനിധികളെയും പൊലീസ് കായികമായി നേരിട്ടതോടെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത്.ഹൈവേ നിര്‍മ്മാണത്തിന്റെ മറവില്‍ പാലമേല്‍ മറ്റപ്പള്ളി മലയില്‍ നിന്നും മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാര്‍ രണ്ട് വട്ടമാണ് തടഞ്ഞത്.ഹൈവേ നിര്‍മ്മാണത്തിന്റെ പേരില്‍ കൂട്ടിക്കല്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് നിലവില്‍ മണ്ണെടുത്തിരുന്നത്.2008 മുതല്‍ പ്രദേശത്ത് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാര്‍ എതിര്‍ത്തിരുന്നു.

പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നല്‍കിയതെന്നും ഇക്കാര്യം ബോധ്യപ്പെട്ടെന്നും സര്‍വ്വകക്ഷി യോഗത്തിന് ശേഷം മന്ത്രി പി പ്രസാദ് പ്രതികരിച്ചു. വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കും. മണ്ണെടുപ്പിന് മുമ്പ് നടക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ പാലിച്ചിട്ടില്ല. ജിയോളജി വകുപ്പില്‍ വീഴ്ച്ചയുണ്ടായോ എന്ന് പരിശോധിക്കും. സ്ഥല പരിശോധന ജിയോളജി വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞയാഴ്ച പാലമേലില്‍ നേരിട്ടെത്തി പരിശോധന നടത്തിയ കളക്ടര്‍ റവന്യൂ-ജിയോളജി വകുപ്പുകളോടും വിശദാംശങ്ങള്‍ തേടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ ധരിപ്പിക്കാനും സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം ആയിരുന്നു.

 

Top