ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന ചര്‍ച്ച സിപിഐഎമ്മില്‍ സജീവമാകുന്നു

തിരുവനന്തപുരം: സ്ത്രീ സംവരണ നിയമം പാസാക്കിയതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന ചര്‍ച്ച സിപിഐഎമ്മില്‍ സജീവമാകുന്നു. സീറ്റ് വീതം വെയ്ക്കുമ്പോള്‍ സ്ത്രീകള്‍ക്ക് തുല്യത ഉറപ്പ് വരുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നവരില്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളും വരെയുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുമോയെന്ന ചോദ്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ നേതൃത്വത്തിനാകുന്നില്ല.

സംവരണാനുപാതം പാലിച്ചാലും ഇല്ലെങ്കിലും വനിതാ നേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന ആവശ്യത്തോട് പൂര്‍ണമായും മുഖം തിരിക്കാന്‍ പുതിയ കാലത്ത് പാര്‍ട്ടിക്ക് കഴിയില്ല. സീറ്റ് നല്‍കിയാല്‍ മാത്രം പോരാ, വിജയസാധ്യതയുളള സീറ്റുകള്‍ നല്‍കണം. കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് അങ്ങനെയൊരു തീരുമാനം എടുത്താല്‍ കെ ആര്‍ ഗൗരിയമ്മയുടെയും സുശീലാ ഗോപാലന്റെയും ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടി സി പി ഐ എം ചെയ്യുന്ന ഏറ്റവും വലിയ ഇടപെടലാകും അത്.എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സി പി ഐ എമ്മില്‍ ദൃശ്യമാകുന്നത് മറ്റൊരു ചിത്രമാണ്. കൂടുതല്‍ സീറ്റുകളില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കണമെന്ന ആവശ്യം പാര്‍ട്ടിയ്ക്കുളളില്‍ നിന്നു തന്നെ ഉയരുന്നു.ആ ശബ്ദത്തിന്റെ ഉടമകളില്‍ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുണ്ട്, സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം സ്വരാജുണ്ട്. പാര്‍ലമെന്റിലെ സ്ത്രീ സംവരണ നിയമം പാലിച്ച് ലോകസഭാ സീറ്റില്‍ സ്ത്രീകള്‍ക്ക് 33ശതമാനം സംവരണം നല്‍കണമെന്നാണ് തുല്യതക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നവരുടെ ആവശ്യം. കേരളത്തിലെ 20 ലോക്‌സഭാ സീറ്റില്‍ 33 ശതമാനം സംവരണം നല്‍കിയാല്‍ 7 സീറ്റ് നല്‍കേണ്ടി വരും. ഇനി അതല്ല സിപിഐഎം മത്സരിക്കുന്ന 15 സീറ്റിന്റെ 33 ശതമാനമായാലും അഞ്ച് സീറ്റ് കൊടുക്കണം. എന്നാല്‍ എത്രവരെ കിട്ടും എന്നതാണ് ചോദ്യം.

കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി ഭരിച്ചീടും എന്നത്1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റുകാര്‍ ഉച്ചത്തില്‍ വിളിച്ച മുദ്രാവാക്യമാണ്. പക്ഷേ മുഖ്യമന്ത്രിയായത് ഇ കെ നായനാര്‍ ആയിരുന്നു. പിന്നെയും വന്നു വനിതാ നേതാവിനെ മുഖ്യമന്ത്രിയാക്കാനാകുന്ന ഉജ്വല മൂഹൂര്‍ത്തം. അപ്പോഴും സുശീലാ ഗോപാലനെ തഴഞ്ഞ് ഇ കെ നായനാരെ തിരഞ്ഞെടുത്തു പാര്‍ട്ടിയിലെ പുരുഷമേധാവിത്വം. ഗൗരിയമ്മയ്ക്കും സുശീലയ്ക്കും എത്താന്‍ കഴിഞ്ഞ ഏറ്റവും ഉയര്‍ന്ന പാര്‍ട്ടി ഘടകം കേന്ദ്രകമ്മിറ്റിയായിരുന്നു. പിന്നീട് ബൃന്ദാ കാരാട്ട് പൊളിറ്റ് ബ്യൂറോയിലെത്തിയെങ്കിലും ഗൗരിയമ്മയും സുശീലാ ഗോപാലനും അപ്രാപ്യമായതിന്റെ കുറവൊന്നും അതുകൊണ്ട് പൊറുക്കപ്പെടുന്നില്ല.പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്ന നിലയിലാണ് ഒരു കാലത്ത് തന്നെ പരിഗണിച്ചത് എന്ന് ബൃന്ദ തന്നെയും തുറന്നെഴുതിയതും കണ്ടു.

Top