‘വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കാനാകില്ല’- മുഖ്യമന്ത്രി നടത്തിയ ചർച്ചയും പരാജയം

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതാ അധികൃതരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയും പരാജയം. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലായിരുന്നു ചർച്ച. തുറമുഖ നിർമാണം നിർത്തിവെക്കാനാകില്ലെന്ന് മുഖ്യമന്ത്രി ചർച്ചയിൽ അറിയിച്ചു.

ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തത്. ക്ലിഫ് ഹൗസിൽ വൈകീട്ട് മൂന്ന് മണിക്കായിരുന്നു ചർച്ച. ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചർച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് പത്താം ദിവസവും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അരങ്ങേറി. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വെട്ടുകാട്, വലിയവേളി, കൊച്ചുവേളി ഇടവകകളിലെ മത്സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധിച്ചത്.

രാവിലെ 11 മണിയോടെ പ്രകടനമായെത്തിയ ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാർ പൊലീസ് സ്ഥാപിച്ച രണ്ട് ബാരിക്കേഡുകളും മറിച്ചിട്ടു. പദ്ധതി നിർത്തിവെച്ച് പഠനം നടത്താതെ പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിലാണ് സമരക്കാർ.

Top