പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതെ പോയ വജ്ര മുത്തുകള്‍ കണ്ടെത്തി

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതെ പോയ വജ്ര മുത്തുകള്‍ കണ്ടെത്തി.

ക്ഷേത്രത്തിനുള്ളില്‍ നിന്നാണ് മുത്തുകള്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് വജ്ര മുത്തുകള്‍ കണ്ടെത്തിയത്.

കാണാതെ പോയ 26 മുത്തുകളില്‍ 12 എണ്ണമാണ് കണ്ടെത്തിയത്.ഇക്കാര്യം സുപ്രിം കോടതിയെ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ടു മാലകളിലെയും കുടയിലേയും വജ്രങ്ങളാണ് കാണാതായത്. വജ്രങ്ങള്‍ മോഷ്ടിക്കപ്പെട്ടതല്ല എന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. ഇവ അടര്‍ന്നുപോയതാവാം എന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം.

കിട്ടിയ വജ്രങ്ങളുടെ കാലപ്പഴക്കവും മൂല്യവും കണക്കാക്കുന്നതിനുള്ള ജെമ്മോളജിസ്റ്റും ഇത് ഉറപ്പുവരുത്തി.

ഏറ്റവും വലിയ വജ്രത്തിനു പോലും അര സെന്റീമീറ്ററിൽ താഴെയാണ് വലുപ്പം. കണ്ടെടുത്ത വജ്രങ്ങളും ആഭരണങ്ങളിലെ വജ്രവും ഒത്തുനോക്കിയാണ് കാണാതായവ തന്നെയാണ് ഇവയെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വജ്രങ്ങള്‍ കാണാതായതിനെ പറ്റിയുള്ള പൊലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രമണ്യം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Top