കണ്ടെയിന്‍മെന്റ് മേഖലകള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ടെയിന്‍മെന്റ് മേഖലകളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരൊഴികെ ആര്‍ക്കും കണ്ടെയിന്‍മന്റെ് മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടാകില്ല.

കണ്ടെയിന്‍മന്റെ് മേഖലകള്‍ ദിനംപ്രതി മാറുന്നതിനാല്‍ ദിവസവും രാവിലെ തന്നെ ആവശ്യമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ല പൊലീസ് മേധാവികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

രാത്രി ഒമ്പതുമുതല്‍ രാവിലെ അഞ്ചുവരെ കര്‍ഫ്യൂ നടപ്പാക്കും. അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍നിന്ന് പാസ് വാങ്ങി മാത്രമേ ഈ സമയത്ത് യാത്ര അനുവദിക്കൂ. രാവിലെ അഞ്ചിനും രാത്രി ഒമ്പതിനുമിടയില്‍ സ്വകാര്യ വാഹനങ്ങളില്‍ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. കാറുകളില്‍ മുന്‍ സീറ്റില്‍ ഡ്രൈവറുള്‍പ്പെടെ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. പിന്‍സീറ്റിലും രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാം.

ിസിനസ് ആവശ്യങ്ങള്‍ക്കായി ഏത് മാര്‍ഗത്തിലൂടെയും കേരളത്തിലേക്ക് വരുന്നവര്‍ ഏഴു ദിവസത്തിനകം മടങ്ങുകയാണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍, സാമൂഹിക അകലം ഉള്‍പ്പെടെ സുരക്ഷ നിര്‍ദേശങ്ങള്‍ അനുസരിച്ചുവേണം ഇവര്‍ കേരളത്തില്‍ കഴിയേണ്ടത്. വിവിധതരം യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കും മറ്റുമായി സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നവര്‍ ക്വാറന്റീനില്‍ പോകേണ്ടതില്ല.

പാലക്കാട്, വയനാട്, കാസര്‍കോട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ദിവസേന വന്ന് ജോലി ചെയ്ത് മടങ്ങുന്നവര്‍ക്കായി ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനുകളില്‍നിന്ന് പാസ് അനുവദിക്കും. 15 ദിവസത്തിനുശേഷം പാസ് വീണ്ടും പുതുക്കാം. 65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും വീടുകളില്‍ തന്നെ കഴിയുന്നെന്ന് പൊലീസ് വളന്റിയര്‍മാരുടെ സഹായത്തോടെ ജനമൈത്രി പൊലീസ് ഉറപ്പാക്കും
മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ ഇക്കൂട്ടര്‍ക്ക് പുറത്തുപോകാന്‍ അനുവാദമുള്ളൂ. ഗുരുതര രോഗങ്ങളുള്ള മറ്റുള്ളവരും വീടുകളില്‍ തന്നെ കഴിയണം.

ഏത് മാര്‍ഗത്തിലൂടെയും കേരളത്തില്‍ പ്രവേശിക്കുന്നവര്‍ ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കൃത്യമായ മെഡിക്കല്‍ സഹായം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. ആരാധനാലയങ്ങളില്‍ പരമാവധി നാലു ജീവനക്കാര്‍ക്ക് കൂടി പ്രവേശനം അനുവദിച്ചു. ആരാധനാലയങ്ങള്‍ വൃത്തിയാക്കാനും പൂജകള്‍ക്കുമായി പുരോഹിതര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് നേരത്തേ പ്രവേശനം അനുവദിച്ചതിന് പുറമെയാണിത്.

Top