യുപിയിലെ പൊളിക്കല്‍ നടപടിക്ക് സ്റ്റേയില്ല

ഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പൊളിക്കല്‍ നടപടി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. മുസ്ലീം സംഘടനയായ ജമാഅത്ത് ഉലമ-ഇ-ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.

ജസ്റ്റിസുമാരായ ബൊപ്പണ്ണ, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് മൂന്ന് ദിവസത്തെ സമയം അനുവദിച്ചു. അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും വാദം കേള്‍ക്കും.

വീട് നഷ്ടപ്പെട്ടവര്‍ എന്തുകൊണ്ട് സമീപിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. പൊളിക്കലുകള്‍ക്ക് സ്റ്റേ നല്‍കാനാകില്ലെന്നും, നോട്ടീസ് നല്‍കാതെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണം. ഇത് പ്രതികാര നടപടികളാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ടെന്നും, അവ ശരിയോ തെറ്റോ ആകാമെന്നും കോടതി പരാമര്‍ശിച്ചു.

സര്‍ക്കാരിന്റെ കയ്യേറ്റ വിരുദ്ധ യജ്ഞം ചട്ടങ്ങള്‍ക്കനുസൃതമായി നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പൊളിക്കല്‍ നടപടികളില്‍ നിയമം പാലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ഒരു മതത്തെ ലക്ഷ്യമാക്കിയുള്ള നടപടിയാണ് ഇതെന്നാണ് ഹര്‍ജിക്കാരുടെ വാദം.

Top