ചുവന്ന തെരുവ് ഒഴിപ്പിക്കാൻ നടപടിയുമായി ഡൽഹി വനിതാ കമ്മിഷന്‍

ന്യൂഡൽഹി: ഡൽഹി ജിബി റോഡിൽ പ്രവർത്തിക്കുന്ന ചുവന്ന തെരുവ് ഒഴിപ്പിക്കാന്‍ നടപടിയുമായി ഡൽഹി വനിതാ കമ്മീഷൻ.

ഇതിനെ തുടര്‍ന്ന്‌, ജി.ബി റോഡിലെ 124 വേശ്യാലയ ഉടമകള്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു.

ഒരു വര്‍ഷത്തിനുള്ളില്‍ ഇവയെല്ലാം പൊളിച്ചു നീക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ അറിയിച്ചു .

പാർലമെന്റിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് ചുവന്ന തെരുവ് സ്ഥിതിചെയ്യുന്നത്.

ലീഗൽ കൗൺസിലർ പ്രിൻസി ഗോയലിന്റെയും ഹെൽപ്പ്‌ലൈന്‍ കോർഡിനേറ്റർ കിരൺ നെഗിയുടെയും നേതൃത്വത്തിലാണ് വനിതാ കമ്മീഷൻ സംഘം വേശ്യാലയത്തിന്റെ ഉടമകൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഉടമസ്ഥരില്ലാത്ത ഇടങ്ങളിൽ നോട്ടീസ് പതിച്ചിട്ടുമുണ്ട്‌.

തിരിച്ചറിയൽ രേഖകളുമായി ഈ മാസം 21 നും 24 നും ഇടയിൽ ഹാജരാകുവാനാണ് നിർദേശം.
ഡൽഹി ജിബി റോഡ് റെഡ് ലൈറ്റ് ഏരിയയിൽ 15000 ത്തിലധികം സെക്സ് വർക്കേഴ്‌സും 1000ത്തോളം കുട്ടികളും താമസിക്കുന്നുണ്ട്.

2012-ൽ 23 തവണ റെയ്ഡ് നടത്തി 49 സ്ത്രീകളെ രക്ഷപെടുത്തിയിരുന്നു. ആയിരക്കണക്കിന് സ്ത്രീകളെയാണ് ഓരോ വർഷവും രക്ഷപ്പെടുത്തുന്നത്.

“രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടെ എത്തിക്കുന്ന കൊച്ചു പെൺകുട്ടികളുടെ കേന്ദ്രമായി ജി.ബി റോഡ് മാറിക്കഴിഞ്ഞു. ഇവർ ബലാത്സംഗത്തിനും മനുഷ്യത്വരഹിതമായ സാഹചര്യത്തിൽ കൊടിയ ചൂഷണത്തിനും വിധേയരാകുന്നു” – സ്വാതി മലിവാൾ പറഞ്ഞു.

വനിതാ കമ്മിഷന്റെയും ഡൽഹി പൊലീസിന്റെയും പരിശോധനയിൽ എട്ടു പെൺകുട്ടികളെ വേശ്യാലയങ്ങളിൽ നിന്ന് കണ്ടെത്തി കൗൺസിലിംഗ് നൽകി.

വനിതാ-ശിശു ക്ഷേമ വകുപ്പും വനിത കമ്മീഷനും പല നടപടികളും സ്വീകരിച്ചിട്ടിട്ടുണ്ട്. പക്ഷേ, റെയ്ഡിൽ വേശ്യാലയ ഉടമകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് സ്വാതി മലിവാൾ പറയുന്നു.

Top