ഡൽഹി ഓർഡിനൻസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡൽഹി : ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനത്തിന്റെ നിയന്ത്രണം ലഭിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന സിവിൽ സർവീസ് അതോറിറ്റി ഓർഡിനൻസിനെതിരെ ഡൽഹി സർ‌ക്കാർ നൽകിയ ഹർജി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനുവിട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, മനോജ് മിശ്ര എന്നിവടങ്ങിയ ബെഞ്ചാണ് ഡൽഹി സർക്കാരിന്റെ ഹർജി പരിഗണിച്ചത്.

ഹർജിയിൽ വിശദമായ പരിശോധന ആവശ്യമാണെന്നത് ചൂണ്ടിക്കാട്ടിയാണ് ഭരണഘടനാ ബെഞ്ചിനുവിട്ടത്. ലഫ്. ഗവർണർക്കായി ഹരീഷ് സാൽവെയും ഡൽഹി സർക്കാരിനായി അഭിഷേക് മനു സിങ്‌വിയും ഹാജരായി. കേന്ദ്ര സർക്കാരിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായിരുന്നു.

ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവ തീരുമാനിക്കുന്നതിനായി പ്രത്യേക അതോറിറ്റിക്ക് രൂപം നൽകാനായിരുന്നു കേന്ദ്ര സർക്കാരിന്റെ നീക്കം. ഡൽഹി സർക്കാരിന് സുപ്രീം കോടതി ഉത്തരവിലൂടെ ലഭിച്ച അധികാരം മറികടക്കാനാണ് കേന്ദ്രസർക്കാർ ഓർഡിനൻസിലൂടെ ശ്രമിച്ചത്.

Top