ഷാജി പ്രഭാകരനെ പുറത്താക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്ന് മലയാളിയായ ഷാജി പ്രഭാകരനെ പുറത്താക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. താത്കാലിക സ്റ്റേയാണ് അനുവദിച്ചത്. ഷാജി പ്രഭാകരന്റെ ഹര്‍ജിയിലാണ് നടപടി.

ഷാജി പ്രഭാകരന്റെ പ്രവര്‍ത്തനങ്ങള്‍, ഉയര്‍ന്ന വേതനം എന്നിവയില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റികള്‍ക്കിടയില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. എ.എഫ്.സി. എക്‌സിക്യുട്ടീവ് അംഗമായും അടുത്തിടെ നിയമിതനായ ഷാജി, വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം നടപ്പാക്കുന്നതിന് ഫെഡറേഷനില്‍ മതിയായ പണമില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം അനിഷ്ടങ്ങള്‍ക്ക് കാരണമായി.കല്യാണ്‍ ചൗബേക്കു കീഴില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ഷാജി പ്രഭാകരന്‍ എ.ഐ.എഫ്.എഫിന്റെ സെക്രട്ടറി ജനറലായി ചുമതലയേറ്റത്. കുഷാല്‍ ദാസിന്റെ സ്ഥാനത്തായിരുന്നു നിയമനം. ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി രാജ്യത്തിന് പുറത്ത് സൗദി അറേബ്യയില്‍ നടത്തിയതും ഇന്ത്യയുടെ പുരുഷ ഫുട്‌ബോള്‍ ടീം 2018-നുശേഷം ആദ്യമായി ഫിഫയുടെ ആദ്യ നൂറ് സ്ഥാനങ്ങളില്‍ ഇടംനേടിയതും ഇക്കാലയളവിലാണ്.

നവംബര്‍ ഏഴിനാണ് എ.ഐ.എഫ്.എഫ്. എക്സിക്യുട്ടീവ് കമ്മിറ്റിയുടെ അന്തിമ അനുമതിയോടെ പ്രസിഡന്റ് കല്യാണ്‍ ചൗബേ, ഷാജി പ്രഭാകരനെ പുറത്താക്കിയത്. പകരമായി എ.ഐ.എഫ്.എഫ്. ഡെപ്യൂട്ടി സെക്രട്ടറി എം. സത്യനാരായണന് സെക്രട്ടറി ജനറലിന്റെ താത്കാലിക ചുമതല നല്‍കി. വിശ്വാസ വഞ്ചന നടത്തിയെന്ന് ആരോപിച്ചായിരുന്നു പുറത്താക്കല്‍. ഷാജിയുടെ പ്രവര്‍ത്തനങ്ങള്‍ എ.ഐ.എഫ്.എഫ്. അംഗങ്ങളില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. അതിനാലാണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് അന്ന് ചൗബേ വ്യക്തമാക്കിയിരുന്നത്.

Top