ആള്‍ ദൈവം നിത്യാനന്ദയുടെ കൈലാസയുമായി കരാറില്‍ ഒപ്പുവച്ചു; പരാഗ്വേയിലെ ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി

അസുന്‍സിയോണ്‍: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയുമായി കരാറില്‍ ഒപ്പുവെച്ചതിന്റെ പേരില്‍ പരാഗ്വേയിലെ കൃഷി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി. ഇന്ത്യയില്‍ ബലാത്സംഗ കേസില്‍ പ്രതിയായ പിന്നീട് മുങ്ങിയ ആള്‍ ദൈവം നിത്യാനന്ദയുടെ രാജ്യമായ കൈലാസയുമായാണ് ഇയാള്‍ കരാറില്‍ ഒപ്പുവെച്ചത്. പരാഗ്വേയിലെ കൃഷി മന്ത്രാലയത്തിലെ ചീഫ് ഓഫ് സ്റ്റാഫ് അര്‍ണാള്‍ഡോ ചമോറോയെയാണ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും നിലവിലില്ലാത്ത രാജ്യത്തിന്റെ പ്രതിനിധികളുമായി ധാരണപത്രത്തില്‍ ഒപ്പുവെച്ചുവെന്നും സമ്മതിച്ചതിനു പിന്നാലെയാണ് ഇദ്ദേഹത്തെ പുറത്താക്കിയത്.

ആള്‍ദൈവം നിത്യാനന്ദ സ്വന്തം രാജ്യമായി പ്രഖ്യാപിച്ചിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇത് തെക്കേ അമേരിക്കന്‍ ദ്വീപാണെന്ന് തന്നോട് പറഞ്ഞതായി ചമോറോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ പരാഗ്വേയെ സഹായിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. വ്യാജ ഉദ്യോഗസ്ഥന്‍ കൃഷി മന്ത്രിയായ കാര്‍ലോസ് ഗിമെനെസിനെയും ചെന്നു കണ്ടിരുന്നതായും ചമോറോ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ വേണ്ടിയാണ് മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചത്. മന്ത്രാലയത്തന്റെ ലെറ്റര്‍ ഹെഡും മുദ്രയും സഹിതമുള്ള രേഖയില്‍ ചമോറ കൈലാസയുടെ പരമാധികാരി നിത്യാനന്ദയെ അഭിവാദ്യം ചെയ്തിട്ടുണ്ട്. കൂടാതെ ഹിന്ദുമതത്തിനും മാനവികതയ്ക്കും പരാഗ്വേ റിപബ്ലിക്കിനും നല്‍കിയ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. പരാഗ്വേ കൃഷി മന്ത്രാലയം പിഴവ് പറ്റിയതായി പിന്നീട് പ്രസ്താവനയില്‍ പറയുന്നുണ്ട്. നടപടിക്രമങ്ങളില്‍തെറ്റുപറ്റി, മെമ്മോറാണ്ടം ഔദ്യോഗികമായി കണക്കാക്കില്ലെന്നും അറിയിച്ചു.

Top