വിരമിച്ച ശേഷമുള്ള പൊലീസുകാരുടെ കൂറുമാറ്റം; നിയമനടപടിക്ക് സംവിധാനം വേണമെന്ന് ഹൈക്കോടതി

കൊച്ചി: വിരമിച്ച ശേഷം കൂറുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംവിധാനം വേണമെന്നാണ് ഹൈക്കോടതി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറുന്നത് നിയമസംവിധാനത്തെ അട്ടിമറിക്കുമെന്ന് കോടതി അറിയിച്ചു.

ഇക്കാര്യത്തില്‍ ആവശ്യമായ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. വിഷയം പരിശോധിക്കുന്നതിന് ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ദ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

വിരമിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ കൂറുമാറിയാല്‍ നടപടിയെടുക്കാന്‍ നിലവില്‍ നിയമത്തില്‍ വ്യവസ്ഥയില്ല. വിരമിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ കൂറുമാറുന്നതിനുള്ള സാധ്യത അവഗണിക്കാനാകില്ലെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിജിപി വ്യക്തമാക്കുന്നത്. കൂറുമാറുന്നതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ പലതരത്തിലുള്ള സമ്മര്‍ദങ്ങളുണ്ടാകുന്നതായും ഡിജിപി ഹൈക്കോടതിയില്‍ വ്യക്തമാക്കി.

Top