മനുഷ്യ ജീവനാണ് വലുതെന്ന് കരുതി എടുത്ത തീരുമാനം തന്നെയാണ് ശരി

ര്‍.എസ്.എസും ജമാ അത്തെ ഇസ്ലാമിയും മുന്നോട്ട് വയ്ക്കുന്ന മത രാഷ്ട്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. വര്‍ഗ്ഗീയത, അത് ന്യൂനപക്ഷത്തിന്റേതായാലും ഭൂരിപക്ഷത്തിന്റേതായാലും അപകടകരമാണ് എന്നതു തന്നെയാണ് ചുവപ്പ് രാഷ്ട്രീയത്തിന്റെ നിലപാട്. അതു കൊണ്ട് തന്നെ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും ഈ രണ്ടു സംഘടനകള്‍ക്കും പൊതു ശത്രുവാണ് കമ്യൂണിസ്റ്റുകള്‍. ഇക്കാര്യത്തില്‍ പൊതു സമൂഹത്തിനും മറിച്ചൊരു അഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ഇക്കാര്യം ശരിക്കും അറിയാവുന്ന യു.ഡി.എഫ് നേതൃത്വം തെറ്റായ പ്രചരണം നടത്തി മുതലെടുപ്പിനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ആര്‍.എസ്.എസ് – ബി.ജെ.പി ധാരണ എന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്.

കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒഴിവാക്കാന്‍ ശ്രീ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളെയാണ് വളച്ചൊടിച്ച് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. മനുഷത്വ വിരുദ്ധമായ നിലപാടാണിത്. തെരുവില്‍ ഇനി ചോര വീഴരുത് എന്ന് ആര് തന്നെ ആഗ്രഹിച്ചാലും അതിനെ സ്വാഗതം ചെയ്യുകയാണ് ഗാന്ധിയുടെ പിന്‍മുറക്കാരും ചെയ്യേണ്ടിയിരുന്നത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ അത്തരമൊരു സമീപനമല്ല കോണ്‍ഗ്രസ്സും സ്വീകരിച്ചിരിക്കുന്നത്. ഈ വിവാദങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയും ഏറെ പ്രസക്തമാണ്. ആരും തലയില്‍ മുണ്ടിട്ട് ചര്‍ച്ചക്ക് പോയിട്ടില്ലന്നാണ് മുഖ്യമന്ത്രി തുറന്നടിച്ചിരിക്കുന്നത്.

കേഡര്‍ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലെ വിവരങ്ങള്‍ ചോര്‍ന്നു കിട്ടാത്തതിലെ അരിശമാണ് മാധ്യമങ്ങളും തീര്‍ക്കാന്‍ ശ്രമിക്കുന്നത്. നിങ്ങളുടെ കഴിവു കേടിന് ‘അരിശം’ വാര്‍ത്തയിലൂടെ തീര്‍ക്കാന്‍ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല. സംസ്ഥാനത്ത് നടന്ന ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ നഷ്ടപ്പെട്ടത് സി.പി.എമ്മിനും അതിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കുമാണ്. ഏത് കണക്കെടുത്ത് പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകുന്നതു മാണ്. സംഘപരിവാര്‍ സംഘടനകള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ജീവനെടുത്തിരിക്കുന്നത്. എന്നാല്‍ ഓരോ രക്തസാക്ഷിത്വവും ചെങ്കൊടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. കണ്ണൂര്‍ ചുവന്ന് തുടുത്തതും എതിരാളിയുടെ ആക്രമണത്തെ അതിജീവിച്ചു തന്നെയാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്ന കണ്ണൂരില്‍ ഇതിനു അറുതി വരുത്താന്‍ ആത്മാര്‍ത്ഥമായ ഇടപെടലാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഉണ്ടായത്. ഈ നീക്കത്തിന് അനുകൂലമായ സമീപനം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടത് സംഘപരിവാര്‍ നേതൃത്വമാണ്. അതുകൊണ്ടാണ് അവര്‍ ശ്രീ എമ്മിനെ മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചക്കും തയ്യാറായിരുന്നത്. ചര്‍ച്ച ജില്ലാ ഭരണകൂടത്തിന്റെ സാന്നിധ്യത്തില്‍ നടന്നാലും ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ നടന്നാലും റിസള്‍ട്ടാണ് മുഖ്യം. അതിനു തന്നെയാണ് സി.പി.എമ്മും ആര്‍.എസ്.എസ് നേതൃത്വവും പ്രാധാന്യം കൊടുത്തിരുന്നത്.

ഈ ചര്‍ച്ചയ്ക്കു ശേഷം ഇതുവരെ കണ്ണൂരില്‍ ഇരു കൂട്ടരും തമ്മില്‍ വലിയ രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിട്ടില്ലെന്നതും നാം ഓര്‍ക്കണം. 2018 മേയ് ഏഴിനു മാഹിയില്‍ നടന്ന ഇരട്ടക്കൊലപാതകമായിരുന്നു സിപിഎം-ആര്‍എസ്എസ് രാഷ്ട്രീയ കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തേത്. ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തും പിന്നീട് കണ്ണൂരിലും സമാധാന ചര്‍ച്ച നടന്നതാകട്ടെ 2019ന്റെ തുടക്കത്തിലുമാണ്. ചര്‍ച്ച നടന്ന 2019 ലോക്സഭാ തിരഞ്ഞെടുപ്പു വര്‍ഷമായിട്ടും ഒരു രാഷ്ട്രീയ കൊലപാതകം പോലും കണ്ണൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സിപിഎമ്മും ആര്‍എസ്എസും പരസ്പരം കൊലക്കത്തിയെടുത്തില്ലെങ്കിലും മറ്റു പാര്‍ട്ടികളുടെ പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടല്‍ പക്ഷേ വീണ്ടും നടന്നിട്ടുണ്ട്. ഇതും ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്. ഇക്കാര്യത്തിലും തുറന്ന ചര്‍ച്ചക്ക് ബന്ധപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണം.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ നടന്നതു 13 രാഷ്ട്രീയ കൊലപാതകങ്ങളാണ്. 2016നും 2018നും ഇടയിലായിരുന്നു ഇതില്‍ 12 കൊലപാതകങ്ങളും നടന്നിരുന്നത്. 2016 മേയ് 19ന് ഇടതുപക്ഷത്തിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ നടന്ന കൊലപാതകമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ആദ്യ രാഷ്ട്രീയ കൊലപാതകം. സിപിഎം പ്രവര്‍ത്തകനായ ഏറാങ്കണ്ടി രവീന്ദ്രനായിരുന്നു അന്നു കൊല്ലപ്പെട്ടിരുന്നത്. പിന്നീടങ്ങോട്ട് മൂന്നു വര്‍ഷം കൊണ്ട് 11 കൊലപാതകങ്ങള്‍ കൂടി നടക്കുകയുണ്ടായി. പതിമൂന്നാമത്തേതായി ഏറ്റവുമൊടുവില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ കൊലപാതകമാണ് നടന്നത്. അഞ്ചു വര്‍ഷത്തിനിടെ മൂന്ന് ഇരട്ടക്കൊലകളും കണ്ണൂരിലുണ്ടായി.

2016 ജൂലൈ 11നു പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ സി.വി.ധനരാജ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് പയ്യന്നൂരിലെ ബിഎംഎസ് പ്രവര്‍ത്തകനായ രാമചന്ദ്രന്‍ കൊലക്കത്തിക്കിരയായിരുന്നത്. 2016 ഒക്ടോബറില്‍ സിപിഎം പ്രവര്‍ത്തകനായ പാതിരിയാട് കെ.മോഹനനെ ജോലി ചെയ്യുന്ന കള്ളുഷാപ്പില്‍ കയറിയാണ് അക്രമികള്‍ വെട്ടിക്കൊന്നിരുന്നത്. 48 മണിക്കൂറിനുള്ളില്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനായ രമിത്തും കൊല്ലപ്പെട്ടു. 2018 മേയില്‍ മാഹിയില്‍ സിപിഎം പ്രവര്‍ത്തകനായ കണ്ണിപ്പൊയില്‍ ബാബു ബൈക്കില്‍ വീട്ടിലേക്കു പോകുന്നതിനിടെ വീടിന് ഏതാനും മീറ്റര്‍ അകലെ വച്ചാണു കൊല്ലപ്പെട്ടിരുന്നത്. ഒരു മണിക്കൂറിനുള്ളില്‍ അഞ്ചു കിലോമീറ്റര്‍ മാത്രം അകലെ ന്യൂമാഹിയില്‍ ബിജെപി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ കെ.പി.ഷമേജും തുടര്‍ന്ന് കൊല്ലപ്പെട്ടു.

സിപിഎം-ആര്‍എസ്എസ് രാഷ്ട്രീയ കൊലപാതക പരമ്പരയിലെ അവസാനത്തെ കൊലപാതകവും ഇതു തന്നെയായിരുന്നു. പാര്‍ട്ടികള്‍ ഏതായാലും ഒരു മനുഷ്യ ജീവനും തെരുവില്‍ പിടഞ്ഞു വീഴാന്‍ പാടില്ല. അതിനു സാധ്യമായ നടപടികള്‍ സ്വീകരിക്കേണ്ട ബാധ്യത രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു മാത്രമല്ല സമാധാനം ആഗ്രഹിക്കുന്ന മനസ്സുകള്‍ക്കുമുണ്ട്. ആ കടമയാണ് ശ്രീഎം ഇവിടെ നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ ചര്‍ച്ചയെ അവിശുദ്ധ സഖ്യമായി ചിത്രീകരിക്കുന്നവര്‍ യാഥാര്‍ത്ഥ്യത്തിനു നേരെയാണ് കണ്ണടച്ചിരിക്കുന്നത്.

സമാധാനം പുലരുന്നെങ്കില്‍ പുലരട്ടെ എന്നു കരുതി തന്നെയാണ് സി.പി.എം നേതാവ് പി.ജയരാജനും ആ യോഗത്തില്‍ പങ്കെടുത്തിരിക്കുന്നത്. ആര്‍.എസ്.എസുകാര്‍ വെട്ടിക്കൂട്ടിയ ശരീരവുമായി ചര്‍ച്ചക്കെത്തിയ ജയരാജനെയാണ് യഥാര്‍ത്ഥത്തില്‍ കേരളം സല്യൂട്ട് ചെയ്യേണ്ടത്. വ്യക്തിപരവും രാഷ്ട്രീയ പരവുമായ നിലപാടുകള്‍ മാറ്റിവച്ചാണ് പൊതു നന്മയ്ക്കായി ഇത്തരമൊരു നിലപാട് ജയരാജന്‍ അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. അതിനെ നാം വിലയിരുത്തേണ്ടതും ആ അര്‍ത്ഥത്തില്‍ തന്നെയായിരിക്കണം.

 

Top