മഴക്കെടുതി; മുംബൈയില്‍ മരണം 22 ആയി

മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചില്‍ അപകടങ്ങളില്‍ മരണം 22 ആയി. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തില്‍ മരണസംഖ്യ 17 ആയി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വിക്രോളിയില്‍ ആള്‍ത്താമസമുള്ള കെട്ടിടം തകര്‍ന്ന് വീണുണ്ടായ മറ്റൊരു അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇവിടെ ഇനിയും അഞ്ചോളം ആളുകളെ കണ്ടെത്താനുണ്ട്.

രണ്ടിടത്തും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചയും മഴ തുടര്‍ന്നതോടെ മുംബൈയിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. സെന്‍ട്രല്‍ മെയിന്‍ ലൈന്‍, ഹാര്‍ബര്‍ ലൈന്‍ എന്നിവിടങ്ങളിലെ സര്‍വീസുകളെയാണ് കനത്ത മഴ ബാധിച്ചത്. രാത്രിയും ഇന്ന് പുലര്‍ച്ചയും പെയ്ത മഴയില്‍ നഗരത്തില്‍ നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

അതേസമയം മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവുമാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം പ്രഖ്യാപിച്ചത്. അപകടത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചനം രേഖപ്പെടുത്തി.

 

Top