മധ്യ ചിലെയിലെ കാട്ടുതീ:112 മരണം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ചിലെ: ചിലെയിലെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 112 ആയി ഉയര്‍ന്നു. നൂറുകണക്കിനാളുകളെ കാണാതായി. നിരവധി പേരെ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഏകദേശം 64,000 ഏക്കറില്‍ കാട്ടുതീ പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. തീ പടരുന്ന സാഹചര്യത്തില്‍ ചിലെ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വാല്‍പുറേസോയില്‍ തീ പടരുന്നതിനാല്‍ ഇനിയും അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ബോറിക് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 2010ലെ ഭൂചലനത്തിനും സുനാമിക്കും ശേഷം ചിലെ അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമാണിത്.

”ദുരന്തത്തില്‍ മരണപ്പെട്ടവരെ ഓര്‍ത്ത് ചിലെ അഗാധമായി ദുഃഖിക്കുന്നു. വലിയ അളവിലുള്ള ദുരന്തമാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. നമ്മള്‍ ഒറ്റക്കെട്ടാണ്, ജീവന്‍ രക്ഷിക്കുന്നതിനാണ് മുന്‍ഗണന. ദുരന്തത്തെ അതിജീവിക്കാന്‍ ജനങ്ങള്‍ക്കാവശ്യമായ പിന്തുണ നല്‍കും.” ബോറിക് അറിയിച്ചു

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 1400 അഗ്‌നിശമന ഉദ്യോഗസ്ഥരും 1300 സൈനികരും 31 അഗ്‌നിശമന രക്ഷാ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. ഉയര്‍ന്ന താപനിലയും കാറ്റുമടക്കം കാലാവസ്ഥ മോശമായി തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്.

Top