ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,320 ആയി

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,320 ആയി. ദക്ഷിണ ഗാസയിലെ റഫായിലെ കുവൈതി ആശുപത്രിക്ക് സമീപം നടന്ന ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ജനവാസ മേഖലയ്ക്ക് നേരെയാണ് ഇസ്രയേല്‍ ഇന്നലെ രാത്രി ആക്രമണം അഴിച്ചുവിട്ടത്.

വെടിനിര്‍ത്തലിനു വേണ്ടി ഈജിപ്ത് മുന്നോട്ടുവച്ച പദ്ധതിയെ കുറിച്ച് ചര്‍ച്ച നടത്താനായി ഹമാസ് പ്രതിനിധി സംഘം ഇന്ന് കെയ്റോയിലെത്തും. മൂന്നുഘട്ടമായുള്ള വെടിനിര്‍ത്തല്‍ പദ്ധതിയാണ് ഈജിപ്ത് മുന്നോട്ടുവച്ചിരിക്കുന്നത്. ബന്ദികളെ പരസ്പരം മോചിപ്പിക്കുന്നതിനാണ് ഈജിപ്ത് മുന്നോട്ടുവയ്ക്കുന്ന സമാധന കരാറിലും മുന്‍ഗണന നല്‍കിയിരിക്കുന്നത്. എന്നാല്‍, ഗാസയില്‍ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാതെ ബന്ദികളെ വിട്ടയക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഹമാസ്.

ഹമാസ് മേധാവി യഹ്യ സിന്‍വാറിന്റെ ജന്‍മസ്ഥലമായ ഖാന്‍ യുനിസില്‍ ഇസ്രയേല്‍ കൂടുതല്‍ സൈന്യത്തെ രംഗത്തിറക്കി. ഗാസയിലെ 80 ശതമാനം പേരും പലായനം ചെയ്തുകഴിഞ്ഞതായി യുഎന്‍ വ്യക്തമാക്കി. റഫാ നഗരത്തിലെ താത്കാലിക അഭയാര്‍ഥി ക്യാമ്പുകളിലാണ് ഇതില്‍ അധികം പേരും തങ്ങുന്നത്. ഈ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് സമീപം ആക്രമണം രൂക്ഷമാണ്. ഗാസയില്‍ മാനുഷിക വെടിനിര്‍ത്തല്‍ വേണമെന്ന് ഡബ്ല്യുഎച്ച്ഒ വീണ്ടും ആവശ്യപ്പെട്ടു. റഫാ അതിര്‍ത്തിക്ക് സമീപം ഒരു ലക്ഷത്തിന് അടുപ്പിച്ച് ഗാസ നിവാസികളാണ് എത്തിയിരിക്കുന്നത്.

Top