ചികിത്സയിലിരുന്ന ഗൃഹനാഥന്റെ മരണം അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു; മരുമകന്‍ അറസ്റ്റില്‍

കുണ്ടറ: പരിക്കേറ്റ് അബോധാവസ്ഥയില്‍ ചികിത്സയിലിരുന്ന ഗൃഹനാഥന്റെ മരണം അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. മരുമകനെ കുണ്ടറ പോലീസ് അറസ്റ്റുചെയ്തു. പുനുക്കന്നൂര്‍ ഊറ്റുകുഴി മുരുകാലയം വീട്ടില്‍ രഘുനാഥനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ നാലിന് പുലര്‍ച്ചെ മരിച്ചത്. രഘുനാഥന്റെ മകളുടെ ഭര്‍ത്താവ് പെരിനാട് ഇടവട്ടം വരട്ടുചിറ കിഴക്കതില്‍ വിശാഖ് ആണ് പോലീസ് പിടിയിലായത്.

21-ന് രാത്രി 11-ഓടെയായിരുന്നു ആക്രമണമുണ്ടായത്. വീടും വസ്തുവും വിറ്റ് പണം നല്‍കണമെന്ന് രഘുനാഥനോട്, വിശാഖ് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടര്‍ന്ന് വിശാഖ്, രഘുനാഥനെ മര്‍ദിച്ചു. അബോധാവസ്ഥയിലായ രഘുനാഥനെ കുടുംബാംഗങ്ങള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലത്തും ചികിത്സതേടിയ ആശുപത്രികളിലും നടത്തിയ ശാസ്ത്രീയ പരിശോധനകള്‍ക്കൊടുവിലാണ് പ്രതി അറസ്റ്റിലായത്.ഭാര്യാപിതാവിന്റെ മരണാനന്തരച്ചടങ്ങുകളില്‍ പ്രതി പങ്കെടുക്കാതിരുന്നതും സംശയം ബലപ്പെടുത്തി. വിശാഖിനെ സ്ഥലത്തെത്തിച്ച് സയന്റിഫിക് ഓഫീസറുടെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടത്തി. ആക്രമിക്കാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ശാസ്താംകോട്ട ഡിവൈ.എസ്.പി. എസ്.ഷെരീഫ്, കുണ്ടറ പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍.രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒക്ടോബര്‍ 21-ന് രാത്രിയാണ് തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയില്‍ രഘുനാഥനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിക്കുന്നതുവരെ ബോധം തെളിഞ്ഞിരുന്നില്ല. തലയിലെ അസ്ഥികള്‍ക്ക് പൊട്ടലേറ്റിരുന്നു. മൃതദേഹപരിശോധനയിലും പോലീസ് പരിശോധനയിലും വീഴ്ചയിലല്ല, മര്‍ദനത്തിലാണ് പരിക്കേറ്റതെന്ന സംശയം ബലപ്പെട്ടു. കുണ്ടറ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു.

 

Top