അമ്പത് വര്‍ഷം മുമ്പ് കാണാതായ വിമാനത്തില്‍ നിന്നും സൈനികന്റെ മൃതശരീരം കണ്ടെത്തി

plane

ഉത്തരകാശി: അമ്പത് വര്‍ഷം മുമ്പ് കാണാതായ വിമാനത്തില്‍ നിന്നും സൈനികന്റെ മൃതശരീരം കണ്ടെത്തി. 1968ല്‍ കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍12 വിമാനത്തില്‍ നിന്നുമാണ് സൈനികന്റെ മൃതശരീരം കണ്ടെത്തിയത്. പര്‍വതാരോഹകരുടെ ഒരു സംഘം ധാക്ക മേഖലയില്‍ പര്യവേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ജൂലായ് ഒന്നിനാണ് ഹിമാലയത്തിലെ ചന്ദ്രഭാഗ-13 മുനമ്പില്‍ പര്‍വതാരോഹകരുടെ സംഘമെത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 6,200 മീറ്റര്‍ ഉയരത്തിലാണ് ഈ പര്‍വതശിഖരം സ്ഥിതി ചെയ്യുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ നിന്നാദ്യം കണ്ടെത്തിയത്. വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതിന് ഏതാനും മീറ്ററകലെ നിന്നാണ് മൃതദേഹം കിട്ടിയത്. വിമാനഭാഗങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞത് ഈ വിമാനത്തിലുണ്ടായിരുന്ന സൈനികന്റേതാണ് മൃതശരീരമെന്ന് മനസിലാക്കാന്‍ സഹായിച്ചു.

1968 ഫെബ്രുവരി ഏഴിനാണ് 102 യാത്രക്കാരുമായി ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍12 വിമാനം കാണാതായത്. ചണ്ഡിഗഢില്‍ നിന്ന് ലേയിലേക്കുള്ള യാത്രക്കിടെയാണ് വിമാനം തകര്‍ന്നത്. ഇപ്പോള്‍ കണ്ടെത്തിയ മൃതദേഹം സൈനികനായിരുന്ന ബേലി റാമിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടം നടന്ന് 35 കൊല്ലത്തിനു ശേഷം 2003 ല്‍ വിമാനത്തിന്റെ ചില ഭാഗങ്ങള്‍ ദക്ഷിണ ധാക്ക മേഖലയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

Top