അപകടകാരികളായ ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

കാലിഫോണിയ: ഗൂഗിളിന്റെ അനുവാദം കൂടാതെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത അമ്പതോളം ഉപദ്രവകാരികളായ ആപ്പുകളെ ഗൂഗിള്‍ നീക്കം ചെയ്തു.

മൊബൈല്‍ ഫോണുകളെ നശിപ്പിക്കുവാന്‍ കഴിവുള്ളതും, ഉപഭോക്താവിന് വ്യാജ സേവനങ്ങള്‍ നല്കാന്‍ കഴിവുള്ളതുമായ ആപ്പുകളെയാണ് ഗൂഗിള്‍ നീക്കം ചെയ്തിരിക്കുന്നത്. എക്‌സ്‌പെന്‍സീവ് വാള്‍ എന്നറിയപ്പെടുന്ന ആന്‍ഡ്രോയ്ഡ് മാല്‍വെയറുകളാണിവ.

ഒരു മില്ല്യണ്‍ മുതല്‍ 4.2 മില്ല്യണ്‍ തവണ വരെ ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായാണ് ഗൂഗിള്‍ പറയുന്നത്. ഈ ആപ്പുകള്‍ക്ക് കുറഞ്ഞ കാലയളവിനുള്ളില്‍ 5000 ത്തോളം ഫോണുകളെ നശിപ്പിക്കാന്‍ സാധിക്കുമെന്നും ഗൂഗിള്‍ പറയുന്നു.

ഉപഭോക്താക്കള്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തു കഴിയുമ്പോള്‍ വ്യാജ സേവനത്തിന്റെ പേരില്‍ ഉപഭോക്താവില്‍ നിന്നും ഇവ പണം ഈടാക്കും.

എന്നാല്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍ അറിയാതെയാണ് ആപ്പുകള്‍ ഇതൊക്കെ ചെയ്തിരുന്നത്. ഉപഭോക്താവ് ഒരിക്കല്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഇതിനോട് അനുബന്ധിച്ചുള്ള ആപ്പുകളോ, സമാനമായ ആപ്പുകളോ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അനുമതി ഉപഭോക്താവിനോട് ചോദിക്കും. കൂടാതെ ഉപഭോക്താവിന്റെ വിവരങ്ങള്‍ ഇവ ചോര്‍ത്തിയെടുക്കുകയും ചെയ്യും.

ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ആളിന്റെ സമ്മതമില്ലാതെ തന്നെ മറ്റു പല സേവനങ്ങളിലും ഇവരെ അംഗമാക്കുകയും അവര്‍ അറിയാതെ തന്നെ അക്കൗണ്ടില്‍ നിന്നും പണം ഈടാക്കുകയും ചെയ്യും.

കൂടാതെ ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആളിന്റെ സ്ഥലം, മേല്‍ വിലാസം, ഐപി അഡ്രസ്സ് എന്നിവയെല്ലാം ഇതിന്റെ സെര്‍വറുകള്‍ക്ക് അയച്ചുകൊടുക്കും. ഉപഭോക്താവ് അറിയാതെ പ്രവര്‍ത്തിക്കുന്ന ഈ ആപ്പുകള്‍ ഫോണിനെയും ഉപയോഗിക്കുന്ന ആളിനെയും ഒരുപോലെ തന്നെ ദോഷം ചെയ്യുന്നതാണ്.

Top