രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തോട് അടുക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തോട് അടുക്കുന്നു. 109000 പേര്‍ക്കാണ് രാജ്യത്ത് ഒടുവില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയില്‍ 24 മണിക്കൂറിനിടെ 24000ത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ദില്ലി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും.

ഉത്തര്‍പ്രദേശിലും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കില്‍ രണ്ട് ശതമാനം വര്‍ധനയുണ്ടായി. അതേസമയം തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മറ്റ് നിയന്ത്രണങ്ങള്‍ക്കൊപ്പം ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. പൊതു ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.

ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ചെന്നൈയില്‍ മാത്രം 5098 പേര്‍ക്ക് രോഗം കണ്ടെത്തി. 74 പേര്‍ക്കാണ് ഇന്നലെ തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Top