മാനസയുടെയും രഖിലിന്റെയും സംസ്‌കാരം ഇന്ന്

കണ്ണൂര്‍: കോതമംഗലത്ത് വെടിയേറ്റ് മരിച്ച ദന്തല്‍ വിദ്യാര്‍ത്ഥിനി മാനസയുടെ മൃതദേഹം ഇന്ന് കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌കരിക്കും. എകെജി ഹോസ്പറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഏഴരയോടെ നാറാത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകും. മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തും. ഒമ്പതുമണിക്ക് പയ്യാമ്പലത്ത് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

ആത്മഹത്യ ചെയ്ത കൊലയാളി രഖിലിന്റെ മൃതദേഹവും ഇന്ന് സംസ്‌കരിക്കും. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വീട്ടില്‍ എത്തിച്ച ശേഷം പിണറായിയിലെ പൊതുശ്മശാനത്തിലാകും സംസ്‌കരിക്കും.

അതേസമയം മാനസ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സഹപാഠികളായ കൂടുതല്‍ കുട്ടികളുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കൊലപാതകത്തിന് ഉപയോഗിച്ച തോക്കിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണവും ഇതോടൊപ്പം തുടരുകയാണ്. കൊലപാതകത്തിനു മുന്‍പ് രഖില്‍ നടത്തിയ അന്തര്‍ സംസ്ഥാന യാത്രകളും പൊലീസ് പരിശോധിക്കുന്നുണ്ട്. രഖില്‍ നടത്തിയ ബീഹാര്‍ യാത്രയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

രഖിലിന്റെ അടുത്ത സുഹൃത്ത് ആദിത്യനില്‍ നിന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നു പൊലീസ് പറയുന്നു. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ തോക്കിനെക്കുറിച്ചുള്ള സൂചനകള്‍ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. പൊലീസ് കസ്റ്റഡിയില്‍ എടുത്ത തോക്ക് ശാസ്ത്രീയ പരിശോധന നടത്തി വരികയാണ്. കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് രഖില്‍ വാങ്ങിയത് ബിഹാറില്‍ നിന്നാണെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.

Top